ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണം; ഇല്ലെങ്കില്‍ മഹാരാഷ്ട്രയിലും ഗോവയിലും പ്രളയമുണ്ടാകും: മാധവ് ഗാഡ്ഗില്‍


പുനെ:പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നല്ലരീതിയില്‍ നടപ്പിലായില്ലെങ്കില്‍ കേരളത്തിലുണ്ടായതിനേക്കാള്‍ വലിയൊരു പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ഉണ്ടാകാമെന്ന് കമ്മറ്റി ചെയര്‍മാനും പ്രമുഖ പരസ്ഥിതി പ്രവര്‍ത്തകനുമായ മാധവ് ഗാഡ്ഗില്‍. കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഗോവയിലെയും മഴയുടെ തോത് വ്യത്യസ്തമാണെങ്കിലും ഈ സംസ്ഥാനങ്ങളിലെ പരിസ്ഥിതിലോല മേഖലകളില്‍ വലിയ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് സമാനമാണ്.


കേരളത്തിലെപ്പോലെ കനത്ത മഴയുണ്ടാകില്ലെങ്കിലും 2014ല്‍ പുണെയിലെ മാലിനിലുണ്ടായതുപോലെയുള്ള വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മഹാരാഷ്ട്രയിലും ഗോവയിലും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമാകും. റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലേതും ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച തീരുമാനം കൈകൊള്ളേണ്ടത് ബന്ധപ്പെട്ട സംസ്ഥാനങ്ങളാണെന്നും ഗാഡ്ഗില്‍ പറഞ്ഞു. അനധികൃത നിര്‍മാണങ്ങളും നിയന്ത്രണം ലംഘിച്ചു പ്രവര്‍ത്തിക്കുന്ന ക്വാറികളും സമ്മാനിച്ച മനുഷ്യ നിര്‍മിതമായ ദുരന്തമാണ് കേരളത്തില്‍ സംഭവിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


ജനാധിപത്യ ശക്തികള്‍ ശക്തമായി നിലകൊള്ളുകയും തെറ്റായ പ്രചാരണങ്ങള്‍ക്കു ജനങ്ങള്‍ വശംവദരാകാതിരിക്കുകയും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുകയും ചെയ്തിരുന്നെങ്കില്‍ ഇത്തരത്തിലൊരു മഹാദുരന്തം കേരളത്തില്‍ സംഭവിക്കില്ലായിരുന്നു. പ്രകൃതിയെ ചൂഷണം ചെയ്യുന്നതു കുറച്ച് പരിസ്ഥിതി സൗഹാര്‍ദവും ജനങ്ങള്‍ക്കു ഗുണകരവുമായ വികസന പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ ജനങ്ങള്‍ തന്നെ മുന്നോട്ടിറങ്ങുകയാണ് മുന്നിലുള്ള ഏക മാര്‍ഗമെന്നും ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി.



Sharing is Caring