ഗര്‍ഭം ധരിച്ചതും, ആരോഗ്യമില്ലാത്തതുമായ പശുക്കളെ ചന്തയില്‍ വില്‍ക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കന്നുകാലി കശാപ്പ് നിരോധനം സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്താനുള്ള കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്ന നിര്‍ദ്ദേശം ഒഴിവാക്കിയപ്പോള്‍ ഗര്‍ഭം ധരിച്ച പശുക്കളെ ചന്തയില്‍ വില്‍ക്കരുതെന്നാണ് പുതിയ വിജ്ഞാപനം ഇറക്കിയത്.ആരോഗ്യമില്ലാത്ത പശുക്കളെയും, കാലിക്കിടാങ്ങളെയും വില്‍ക്കരുതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഭേദഗതി ചെയ്തത്. ഇത്തരം പശുക്കളെ കാലി ചന്തകളില്‍ ഉടമകള്‍ എത്തിക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ഗര്‍ഭം ധരിച്ച പശുക്കളെ വാഹനത്തില്‍ കൊണ്ടുപോകുന്നതിനും പുതിയ ചട്ടപ്രകാരം വിലക്കുണ്ട്.

2017 മെയ് 23ന് കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കേരളം, പശ്ചിമബംഗാള്‍ ഉള്‍പ്പടെ നിരവധി സംസ്ഥാനങ്ങള്‍ വിജ്ഞാപനത്തെ കോടതിയില്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഈ പശ്ചാതലത്തിലാണ് വിവാദ വിജ്ഞാപനം ഭേദഗതി ചെയ്യാന്‍ കേന്ദ്രം തയ്യാറായത്.

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തണമെന്ന നേരത്തെയുള്ള വ്യവസ്ഥയില്‍ മാറ്റംവരുത്തി മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാനായി ജില്ലാതല നിരീക്ഷണ സമിതികള്‍ രൂപീകരിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയ കരട് വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി അയച്ചു. നിയമമന്ത്രാലയത്തിന്റെ അംഗീകാരം കിട്ടിയാല്‍ പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *