തിരുവനന്തപുരം : ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുറയ്ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്താണ് തീരുമാനം. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ഉപയോഗിക്കാതിരുന്നാലുള്ള പിഴ ആയിരം രൂപയില്‍ നിന്നും അഞ്ഞൂറ് രൂപയായി കുറച്ചു. അതേസമയം, മദ്യപിച്ച് വാഹനമോടിച്ചാലുള്ള പിഴയില്‍ കുറവ് വരുത്തിയിട്ടില്ല. വാഹന പരിശോധന കര്‍ശനമായി തുടരുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
പ്രത്യേക ശിക്ഷ പറയാത്ത കുറ്റങ്ങള്‍ക്ക് ആദ്യ തവണ 250 രൂപയും ആവര്‍ത്തിച്ചാല്‍ 500 രൂപയുമായി പിഴ പുതുക്കി നിശ്ചയിച്ചു. അമിത വേഗത്തിനായി ആദ്യം 1500 രൂപയും മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് മൂവായിരം രൂപയുമായിരിക്കും പിഴ. മൊബൈല്‍ ഫോണ്‍ ഉപയോഗം ഉള്‍പ്പെടെ അപകടകരമായ ഡ്രൈവിംഗിന് പൊതുവായി രണ്ടായിരം രൂപ നിശ്ചയിച്ചു. കുറ്റം ആവര്‍ത്തിച്ചാല്‍ അയ്യായിരം രൂപ നല്‍കണം.

അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം, രേഖ നല്‍കല്‍ കുറ്റത്തിനും 1000 രൂപയാണ് പുതുക്കി നിശ്ചയിച്ച പിഴ. പന്തയ ഓട്ടം ആദ്യകുറ്റത്തിന് 5000 രൂപയായി പിഴ കുറച്ചു. ശബ്ദ-വായു മലിനീകരണത്തിന് ആദ്യകുറ്റത്തിന് 2000 രൂപയാണ് പിഴ. പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കല്‍ ആദ്യ കുറ്റത്തിന് 3000 രൂപയായും ആവര്‍ത്തിച്ചാല്‍ 7500 രൂപയായും നിജപ്പെടുത്തി.













