ഗണേഷിനെതിരായ തല്ല് കേസ് ഒത്തുതീര്‍പ്പാക്കാന്‍ തിരക്കിട്ട നീക്കം


ഗണേഷ് കുമാറിനെതിരായ തല്ല് കേസ് ഒത്തുതീര്‍പ്പാക്കാന്‍ എന്‍എസ്‌എസ് ഇടപെടുന്നു. ആര്‍ ബാലകൃഷ്ണപിള്ള ഇടപെട്ടാണ് ചില സമുദായ നേതാക്കള്‍ വഴി ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നത്. ബന്ധുക്കളുമായി എന്‍എസ്‌എസ് നേതൃത്വം ചര്‍ച്ചനടത്തിയതായി പരാതിക്കാരനായ അനന്തകൃഷ്ണന്റെ അച്ഛന്‍ തന്നെ സ്ഥിരീകരിച്ചു. അതേ സമയം ചര്‍ച്ച വിജയിച്ചാല്‍ പരാതി പിന്‍വലിക്കുമെന്ന് അനന്തകൃഷ്ണന്റെ അച്ഛന്‍ വ്യക്തമാക്കി.


അനന്തകൃഷ്ണന്റെ അമ്മ ഗണേഷ്‌കുമാറിനെതിരെ മൊഴി നല്‍കിയ സാഹചര്യത്തില്‍ അറസ്റ്റുള്‍പ്പെടെ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട് എങ്ങനെയെങ്കിലും ഒത്തുതീര്‍പ്പാക്കാന്‍ ബാലകൃഷ്ണ പിള്ളയും രംഗത്തുണ്ട്.


ചര്‍ച്ച നടക്കുന്നതിനാലാണ് അനന്തകൃഷ്ണനും അമ്മയും പരസ്യപ്രസ്താവന നടത്താത്തതെന്നും അനന്തകൃഷ്ണന്റെ അച്ഛന്‍ വ്യക്തമാക്കി. കോടതിക്ക് മുന്നില്‍ മൊഴി നല്‍കിയതിനാല്‍ പുറത്തുവച്ച്‌ ഒത്തുതീര്‍പ്പാക്കിയാല്‍ കോടതിയുടെ ഇക്കാര്യത്തിലുള്ള സമീപനമാകും ഗണേഷിന് നിര്‍ണായകമാകുക.

കേസുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ തന്നെ ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നതായും ഇതില്‍ പോലീസിനെ കാഴ്ചക്കാരാക്കി നിര്‍ത്തിക്കൊണ്ടാണ് പ്രവര്‍ത്തിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ആരോപിച്ചു.



Sharing is Caring