കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകം തള്ളിയതാണെന്നും കാട്ടുതീപോലെ എല്ലാവരെയും ഇത് വിഴുങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ക്ക് ധാര്‍ഷ്ട്യവും ദുരഭിമാനവുമാണ്. കുടുംബാധിപത്യം കൊണ്ടുവരാനാണ് ഇക്കൂട്ടരുടെ ശ്രമം. ഭരണത്തില്‍ അടിമുടി അഴിമതിയാണ്. ഇക്കാര്യത്തില്‍ ഇരുമുന്നണികളും തമ്മില്‍ മത്സരമുണ്ട്. അധികാരത്തിനായി ഇരുമുന്നണികളും വര്‍ഗീയ ശക്തികളോട് കൂട്ടുകൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം എന്‍ഡിഎയ്ക്ക് അനുകൂലമായി കഴിഞ്ഞു. ഇ.ശ്രീധരന്റെ വരവോടെ കേരളത്തില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാകും. ഡല്‍ഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവര്‍ ഇവിടെ കൂടിയിരിക്കുന്ന ജനത്തെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ സാംസ്കാരിക തനിമ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കി. പുഷ്പങ്ങള്‍ നല്കി സ്വീകരിക്കേണ്ട അയ്യപ്പഭക്തരെ ലാത്തികൊണ്ടാണ് സര്‍ക്കാര്‍ എതിരേറ്റത്. ഏതെങ്കിലും സര്‍ക്കാര്‍ സ്വന്തം ജനങ്ങളെ മര്‍ദ്ദിക്കുമോ. നാടിന്റെ സംസ്കാരത്തെ ഇല്ലാതാക്കാന്‍ ബിജെപി അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ ഇടത് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രി ശരണംവിളിയോടെയാണ് പ്രസംഗം തുടങ്ങിയത്. കേന്ദ്രമന്ത്രി വി.മുരളീധരന്, സംസ്ഥാന അധ്യക്ഷനും കോന്നിയിലെ സ്ഥാനാര്‍ഥിയുമായ കെ.സുരേന്ദ്രന് എന്നിവര്‍ക്ക് പുറമേ സമീപ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും പ്രധാനമന്ത്രിയുടെ പൊതുയോഗത്തിന് എത്തിയിരുന്നു.