കർഷക സംഘടനകളുമായുള്ള കേന്ദ്ര സർക്കാരിന്‍റെ രണ്ടാം ഘട്ട ചർച്ച ഇന്ന് ;മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാതെ പിന്മാറില്ലെന്ന് കര്‍ഷകര്‍

കാർഷിക പരിഷ്കരണ നിയമത്തിൽ പ്രതിഷേധിക്കുന്ന കർഷക സംഘടനകളുമായുള്ള കേന്ദ്ര സർക്കാരിന്‍റെ രണ്ടാം ഘട്ട ചർച്ച ഇന്ന്. മൂന്ന് നിയമങ്ങളും ഉപാധികൾ ഇല്ലാതെ തള്ളിക്കളയണമെന്ന് കഴിഞ്ഞ ദിവസം നൽകിയ കത്തിൽ കർഷകർ ആവശ്യപ്പെട്ടിരുന്നു. കർഷകരുടെ ദില്ലി ചലോ മാർച്ച് എട്ടാം ദിവസത്തിലേക്ക് കടന്നു.

രാവിലെ 11 മണിക്ക് വിഗ്യാൻ ഭവനിൽ വെച്ചാണ് യോഗം നടക്കുക. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, റെയിൽ മന്ത്രി പിയുഷ് ഗോയൽ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ കർഷകർക്ക് എതിർപ്പുള്ള വിഷയങ്ങൾ എഴുതി അറിയിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ പുതുതായി പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങളും നിരുപധികം റദാക്കുക എന്നതിനപ്പുറം മറ്റ് ആവശ്യങ്ങൾ മുന്നോട്ട് വെക്കാനില്ലെന്ന് കർഷക സംഘടനകൾ സർക്കാരിനെ അറിയിച്ചു. ചർച്ചയിൽ പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ കർഷക സംഘടനകൾ സമരം കൂടുതൽ വ്യാപിപ്പിക്കും. ഡൽഹിയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വഴികൾ കൂടി അടക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഡൽഹി – ഹരിയാന അതിർത്തികളിലേക്ക് കൂടുതൽ കർഷകർ വന്നുകൊണ്ടിരിക്കുകയാണ്. സമരം ഏഴാം ദിവസം കടന്നതോടെ ഡൽഹിയിലേക്ക് പഴം, പച്ചക്കറി, ഭക്ഷ്യ വസ്തുക്കള്‍ എന്നിവക്കൊക്കെ ക്ഷാമം നേരിട്ട് തുടങ്ങി. ഇനിയും സമരം തുടർന്നാൽ ഡൽഹി കടുത്ത ക്ഷാമത്തിലേക്ക് പോകും. അതിനു മുൻപ് പ്രശ്നം പരിഹരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ നടത്തുന്നുവെന്നാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *