ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഇന്നും നാളെയും

ഫിഫ അണ്ടര്‍ – 17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നും നാളെയുമായി അരങ്ങേറും. ഗുവാഹത്തിയില്‍ വൈകിട്ട് അഞ്ചിന് ആഫ്രിക്കന്‍ ശക്തികളായ ഘാനയും മാലിയും മാറ്റുരയ്ക്കും.

രാത്രി എട്ടിന് ഗോവയില്‍ അമേരിക്കയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ലോകകപ്പിലെ ക്ലാസിക്ക് പോരട്ടമായേക്കുമെന്ന് കരുതുന്ന ബ്രസീല്‍- ജര്‍മിനി മത്സരം നാളെ രാത്രി കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കും. നാളെ വൈകിട്ട് അഞ്ചിന് കൊച്ചിയില്‍ ഏഷ്യന്‍ ശക്തികളായ ഇറാന്‍ സ്‌പെയിനുമായി കൊമ്പുകോര്‍ക്കും. മുന്‍ ചാമ്പ്യന്മാരായ ഘാന പഴയകാലപ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അണ്ടര്‍-17 ആഫ്രിക്ക കപ്പില്‍ മാലിയെ ഏകപക്ഷീയമായ ഒറ്റ ഗോളിന് തോല്‍പ്പിച്ച് കിരീടമണിഞ്ഞത് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. മാലിക്കെതിരെ ഇന്നും വിജയമാവര്‍ത്തിക്കാനുളള പുറപ്പാടിലാണവര്‍.

ശക്തമായ പ്രതിരോധനിരയും വേഗത്തില്‍ ഗോള്‍മുഖം റെയ്ഡ് ചെയ്യാന്‍ കരുത്തുളള മുന്നേറ്റനിരയുമാണ് അവരുടെ കരുത്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് അവര്‍ അരങ്ങേറ്റക്കാരായ നൈജറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുക്കിയാണ് ക്വാര്‍ട്ടറിലെ ത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ഇറാഖിനെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ ആത്മബലവുമായാണ് മാലി ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നത്. നാലു മത്സരങ്ങളില്‍ അഞ്ചു ഗോള്‍ നേടിയ ലസാനെ ഡിയാബെയിലാണ് മാലിയുടെ പ്രതീക്ഷ.
പ്രതിരോധവും ശക്തമാക്കിയാലെ ഘാനക്കെതിരെ മാലിക്ക് പിടിച്ചു നില്‍ക്കാനാകൂ. ടൂര്‍ണമെന്റില്‍ ഇതുവരെ മാലി അഞ്ചുഗോളുകള്‍ വഴങ്ങിയിട്ടുണ്ട്.

ഗോവയില്‍ അമേരിക്കയെ നേരിടാന്‍ ഇറങ്ങുന്ന ഇംഗ്ലണ്ട് മികച്ച ഫോമിലാണ്. ഗ്രൂപ്പ് മത്സരങ്ങളില്‍ അവര്‍ പതിനൊന്ന് ഗോളുകള്‍ നേടി. രണ്ട് ഗോള്‍ മാത്രമാണ് വഴങ്ങിയത്. ജപ്പാനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് അവര്‍ ക്വാര്‍ട്ടറിലെത്തിയത്.
ഇത് നാലാം തവണ ലോകകപ്പില്‍ മത്സരിക്കുന്നവര്‍ക്ക് മൂന്ന് തവണയും ക്വാര്‍ട്ടറിനപ്പുറം കടക്കാനായിട്ടില്ല.

പ്രീമിയര്‍ ലീഗില്‍ കളിച്ചുപരിചയമുളള താരങ്ങളാണ് ഇംഗ്ലണ്ടിന്റെ ശക്തി. ഫില്‍ ഫോഡനും എയ്ഞ്ചല്‍ ഗോമസും റിയാന്‍ ബ്രീസ്റ്ററുമൊക്ക അവസരത്തിനൊത്തുയര്‍ന്നാല്‍ ഇതാദ്യമായി ലോകകപ്പ് സെമി ഉറപ്പാക്കാം. എല്ലാ ലോകകപ്പിനും യോഗ്യത നേടിയ ടീമാണ് അമേരിക്ക. ശക്തമായ ഗ്രൂപ്പില്‍ നിന്നാണ് ഇത്തവണ പ്രീക്വാര്‍ട്ടറിലെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *