ക്യാന്റീന്‍ ജീവനക്കാരനെ തല്ലി; പി.സി. ജോര്‍ജ്ജിനെതിരെ ക്രിമിനല്‍ കേസ്


പി.സി. ജോര്‍ജ്ജ് എംഎല്‍എ ക്യാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി.
എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ ക്യാന്റീന്‍ ജീവനക്കാരന്‍ വട്ടിയൂര്‍ക്കാവ് നേതാജിലെയിനില്‍ മനുഭവനില്‍ മനു (22) ആണ് ജോര്‍ജ്ജ് മര്‍ദ്ദിച്ചെന്ന് കാട്ടി നിയമസഭാ സെക്രട്ടേറിയേറ്റിനും മ്യൂസിയം പോലീസിനും പരാതി നല്‍കിയത്.


പാരാതിയില്‍ ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തി മ്യൂസിയം പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയക്ക് 2.10ന് ജോര്‍ജ്ജിന്റെ മുറിയില്‍ ഊണുമായി ചെല്ലവെയാണ് സംഭവം. ജോര്‍ജ്ജും പിഎ സണ്ണിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും കണ്ണിനും ചുണ്ടിനും പരിക്കേറ്റെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പാരാതി ലഭിച്ചെന്നും എംഎല്‍എ എന്ന പരിഗണന ഇല്ലാതെ ക്രിമിനല്‍ കേസെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.


എന്നാല്‍, ജോര്‍ജ്ജ് പരാതി നിഷേധിച്ചു. ഉച്ചയ്ക്ക് 1.15 ന് ഓര്‍ഡര്‍ചെയ്ത ഊണ് രണ്ട് മണിയായിട്ടും എത്തിയില്ല. രണ്ട് പത്തോടെ ഊണുമായി റൂമിലെത്തിയപ്പോള്‍ താന്‍ വഴക്ക് പറയുക മാത്രമാണ് ചെയ്തതെന്ന് ജോര്‍ജ്ജ് പറഞ്ഞു. രണ്ടേകാലിന് നടന്ന സംഭവത്തിന് ആറ് മണിക്ക് ശേഷമാണ് മര്‍ദ്ദിച്ചുവെന്ന് കാട്ടി പരാതിയുമായി എത്തിയത്. അതുവരെ പരിക്കേറ്റയാള്‍ എവിടെയായിരുന്നെന്ന് അന്വേഷിക്കാനും ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും പജോര്‍ജ്ജ് പറഞ്ഞു.

ഇന്നലെയാണ് മനു ക്യാന്റീനില്‍ ജോലിക്ക് കയറിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മനു ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ചീത്തവിളിച്ചതിനും മര്‍ദ്ദിച്ചതിനും ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ജോര്‍ജ്ജിനെയും പേഴ്‌സണല്‍ അസിസ്റ്റന്റ് സണ്ണിയെയും പ്രതികളാക്കി മ്യൂസിയം പോലീസ് കേസെടുത്തത്.



Sharing is Caring