അമേരിക്കയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു


അമേരിക്കയില്‍ ഇന്ത്യക്കാരനായ യുവ എന്‍ജിനീയര്‍ വെടിയേറ്റു മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോട്ല(32)യാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹത്ത് വാറംഗല്‍ സ്വദേശി അലോക് മഡസാനിക്കും (32) വെടിയേറ്റു. വെടിവയ്പില്‍ പരിക്കേറ്റ ശ്രീനിവാസിനെയും അലോകിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്രീനിവാസിനെ രക്ഷിക്കാനായില്ല. മഡസാനിയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.


ബുധനാഴ്ച പ്രാദേശിക സമയം രാത്രി 7.15 ന് കന്‍സാസ് ഒലാതെയിലെ ബാറിലായിരുന്നു സംഭവം. ‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ട് യുഎസ് പൗരനായ മുന്‍ നേവി ഉദ്യോഗസ്ഥന്‍ ആദം പുരിന്‍ടണ്‍ ആണ് വെടിവച്ചത്. വെടിവയ്പ് തടഞ്ഞ യുഎസ് പൗരനായ ഇയാന്‍ ഗ്രില്ലോട്ടിനും പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം പ്രതി ആദം ഇവിടെനിന്നും കടന്നു കളഞ്ഞു. അഞ്ചു മണിക്കൂറത്തെ തെരച്ചിലിനു ശേഷം മിസോറിയില്‍നിന്നും ഇയാളെ പോലീസ് പിടികൂടി.


ശ്രീനിവാസ് കുച്ചിബോട്ല കന്‍സാസിലെ ഒലാതെയില്‍ ഗാര്‍മിന്‍ ഹെഡ്ക്വാട്ടേഴ്‌സില്‍ ജിപിഎസ് സിസ്റ്റംസ് നിര്‍മിക്കുന്ന കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. 2014 ല്‍ ആണ് ശ്രീനിവാസ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ സുനയന ദുമലയും ഇവിടെ ഒരു കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്. സംഭവം അറിഞ്ഞയുടനെ ഇന്ത്യന്‍ എംബസി രണ്ട് ഉദ്യോഗസ്ഥരെ കന്‍സാസിലേക്ക് അയച്ചു.



Sharing is Caring