കോവിഡ് പിടിവിട്ട് ഉയരുന്നു ; വരും മാസങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളും വെന്റിലേറ്ററുകളും കൂടുതല്‍ വേണ്ടി വരും

കോവിഡ് ബാധിതരുടെ എണ്ണം പിടിവിട്ട് ഉയരാന്‍ തുടങ്ങിയതോടെ പ്രാണവായുവിനായി മനുഷ്യന്‍ കേഴുന്ന കാലത്തിലേക്കെന്നു ചികിത്സാ രംഗത്തെ വിദഗ്ധര്‍. ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കു പുറമേ കൂടുതല്‍ വെന്റിലേറ്ററുകളും വരും മാസങ്ങളിലേക്ക് സംസ്ഥാനത്ത് വേണ്ടിവരും. നിലവിലെ രോഗികളുടെ വര്‍ധനാനിരക്കനുസരിച്ച്‌ പ്രതിദിന രോഗികളുടെ എണ്ണം ഒക്‌ടോബര്‍ ഒടുവില്‍ പതിനായിരത്തിനപ്പുറം കടന്നേക്കുമെന്ന് ഐ.എം.എ. വൈസ് പ്രസിഡന്റ് ഡോ. സുള്‍ഫി ചൂണ്ടിക്കാട്ടി.

ഗുരുതരരോഗ ബാധയുണ്ടാകുന്നവര്‍ക്കാണ് ഓക്‌സിജന്റെയും വെന്റിലേറ്ററിന്റെയും സഹായം വേണ്ടിവരിക. ഓക്‌സിജന്‍ എല്ലായ്‌പ്പോഴും അമൂല്യമാണെന്നും ഇപ്പോള്‍ ഇതിന്റെ ആവശ്യം ഏറിയതുകൊണ്ടാണ് അതൊരു ഔഷധമായതെന്നും ഐ.എം.എ. കൊച്ചി ഘടകം പ്രസിഡന്റ് ഡോ. രാജീവ് ജയദേവനും ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഓക്‌സിജന്‍ ഉല്‍പ്പാദകരായി 23 കമ്ബനികളാണുള്ളത്. അന്തരീക്ഷ വായുവില്‍നിന്ന് ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിച്ച്‌ സിലിണ്ടറുകളിലാക്കി നല്‍കുന്ന കമ്ബനികളാണിവ.

ഇതിനുപുറമേ പാലക്കാട് ഒരു ലിക്വിഡ് ഓക്‌സിജന്‍ പ്ലാന്റും ഉണ്ട്. ബംഗളരു, ചെെന്നെ എന്നിവിടങ്ങളില്‍നിന്നും വരുന്ന ലിക്വിഡ് ഓക്‌സിജനും കൂടി ചേര്‍ന്നാണു സംസ്ഥാനത്തെ മുഴുവന്‍ ഓക്‌സിജന്‍ ആവശ്യവും നിറവേറ്റുന്നത്. ഇതര സംസ്ഥാനത്തു നിന്നുള്ള ലിക്വിഡ് ഓക്‌സിജന്റെ വരവ് കുറഞ്ഞതാണ് ഇപ്പോള്‍ ആശങ്കയേറ്റിയത്.

കോവിഡ് രോഗികളുടെ എണ്ണം പെരുകിയതോടെ മറ്റു സംസ്ഥാനങ്ങളില്‍ ഓക്‌സിജന്റെ ഉപയോഗം വര്‍ധിച്ചതാണ് കാരണം. ആശുപത്രികളില്‍ നിന്നും സ്വകാര്യ വിതരണക്കാരില്‍നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായുള്ള ഡിമാന്‍ഡ് വര്‍ധിച്ചതായി കമ്ബനിവൃത്തങ്ങളും പറഞ്ഞു. 1.5 ക്യുബിക് മീറ്ററിന്റെയും ഏഴു ക്യുബിക് മീറ്ററിന്റെയും ഓക്‌സിജന്‍ സിലിണ്ടറുകളാണ് സാധാരണരോഗികള്‍ക്കായി ഉപയോഗിക്കുന്നത്. 1.5 ക്യൂബിക് മീറ്ററിന്റേതിന് 200 രൂപയും ഏഴിന്റേതിന് 400 രൂപയുമാണ് വിപണി വില.

ഒരേ സമയം ഒരു ലക്ഷം രോഗികള്‍ കോവിഡ് ബാധിതരായി ചികിത്സ തേടുമ്ബോള്‍ അതില്‍ ഒരു ശതമാനത്തിനാണ് വെന്റിലേറ്റര്‍ ആവശ്യമായി വരികയുള്ളൂ. മറ്റുള്ള ഏതാനുംപേര്‍ക്ക് ഓക്‌സിജന്റെ സഹായവും വേണ്ടിവരും. ആലപ്പുഴ, പത്തനം തിട്ട, ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ വെന്റിലേറ്റര്‍ ലഭ്യത കുറയാനിടയുണ്ട്. മറ്റു ജില്ലകളില്‍ ഭേദപ്പെട്ട നിലയാണെന്നും ഡോ. സുള്‍ഫി വ്യക്തമാക്കി. സര്‍ക്കാര്‍ മേഖലയില്‍ 3000, സ്വകാര്യമേഖലയില്‍ 5000 എന്നിങ്ങനെയാണ് കേരളത്തിലെ വെന്റിലേറ്റര്‍ ലഭ്യത.

സര്‍ക്കാര്‍ ആശുപത്രികളെക്കൊണ്ടുമാത്രം കോവിഡ് രോഗികളുടെ വെന്റിലേറ്റര്‍ ആവശ്യം നിറവേറ്റാന്‍ സാധിക്കുകയില്ലെന്നും സ്വകാര്യ ആശുപത്രികള്‍ കൂടി െകെകോര്‍ത്തില്ലെങ്കില്‍ കോവിഡ് ചികിത്സ ബുദ്ധിമുട്ടേറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *