കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാർക്ക് യുഎഇയിൽ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന്

11 നു ശേഷം യുഎഇയിൽ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നൽകേണ്ടി വരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്.കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാർക്ക് യുഎഇയിൽ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും. പിന്നീട് യുഎഇയിൽ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നൽകേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

2020 മാർച്ച് ഒന്നിനും ജൂലൈ 12നും കാലാവധി തീർന്ന റെസിഡന്‍റ് വിസക്കാരാണ് ഈ മാസം 11 ന് മുമ്പ് മടങ്ങേണ്ടത്. അല്ലാത്ത പക്ഷം ഇവർ പുതിയ വിസയിലേക്ക് മാറി താമസം നിയമവിധേയമാക്കണം. കാലാവധി തീർന്ന വിസിറ്റ് വിസക്കാർക്ക് മടങ്ങാനുള്ള സമയം കഴിഞ്ഞമാസം അവസാനിച്ചിരുന്നു. മടങ്ങാൻ വൈകിയ വിസിറ്റ് വിസക്കാരിൽ നിന്ന് എമിഗ്രേഷൻ പിഴ ഈടാക്കി തുടങ്ങിയിട്ടുണ്ട്. പിഴ ഒഴിവാക്കാൻ വ്യക്തമായ കാരണമുണ്ടെങ്കിൽ ജി.ഡി.ആർ.എഫ്.എ, ഐസിഎ അധികൃതരെ സമീപിക്കണം. മാനുഷിക പരിഗണന നൽകേണ്ടവരാണന്ന് അധികൃതർക്ക് ബോധ്യപ്പെട്ടാൽ ഇളവ് ലഭിച്ചേക്കും. എന്നാൽ, ഇത് പൂർണമായും അധികൃതരുടെ വിവേചനാധികാരത്തിന് വിധേയമായിരിക്കും.

ഈ മാസം 11ന് ശേഷവും മടങ്ങാത്ത താമസ വിസക്കാർ അധികമായി തങ്ങുന്ന ഓരോ ദിവസവും 25 ദിർഹം വീതം പിഴ അടക്കേണ്ടി വരും. ആറ് മാസം കഴിഞ്ഞാൽ ഇത് 50 ദിർഹമായി ഉയരും. അതേസമയം, മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി അവസാനിച്ചവർക്ക് നവംബർ 17 വരെ രാജ്യത്ത് തുടരാം. ഇവർക്ക് പൊതുമാപ്പിന്‍റെ ആനുകൂല്യമാണ് ലഭിക്കുക. ഇവർക്ക്, തിരികെ വരാൻ തടസമുണ്ടാവില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *