കോവിഡ്; ആശങ്ക നിലനിൽക്കുന്ന സ്ഥലങ്ങളിൽ പള്ളികൾ തുറക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിവിധ മുസ്‍‍ലിം സംഘടനകള്‍

കോവിഡ് ആശങ്ക നിലനിൽക്കുന്ന സ്ഥലങ്ങളിൽ പള്ളികൾ തുറക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിവിധ മുസ്‍‍ലിം സംഘടനാ നേതാക്കള്‍. അതേസമയം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് വിവിധ സഭകള്‍ക്കുളളത്. ജൂണ്‍ 30വരെ എറണാകുളം- അങ്കമാലി രൂപതയും യാക്കോബായ സഭയുടെ കൊല്ലം, നിരണം ഭദ്രാസനങ്ങളും ദേവാലയങ്ങളും തുറക്കില്ല

ലോക്ക്ഡൗണില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും പള്ളികള്‍ ഇപ്പോള്‍ തുറക്കേണ്ടതില്ലെന്നാണ് കൂടുതല്‍ മുസ്‍ലിം സംഘടനകളുടെ തീരുമാനം‍. നഗരങ്ങളിലെയും തിരക്കേറിയ സ്ഥലങ്ങളിലെയും പള്ളികളില്‍ തത്കാലം ജുമുഅ നടത്തില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു. കോവിഡിന്‍റെ സമൂഹ വ്യാപനം ഭയപ്പെടുന്ന സാഹചര്യത്തില്‍ പള്ളികള്‍ ‍ തുറക്കില്ലെന്നാണ് മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നിലപാട്.

മമ്പുറം മഖാം ഒരറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ല, മലപ്പുറം ശാന്തപുരം മഹല്ലിന് കീഴിലുള്ള മുഴുവന്‍ പള്ളികളും ജൂണ്‍ 30ന് ശേഷം മാത്രമേ തുറക്കൂവെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു. കോവിഡ് ആശങ്ക നിലനിൽക്കുന്ന സ്ഥലങ്ങളിൽ പള്ളികൾ തുറക്കാതിരിക്കുന്നതാണ് നല്ലതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.

ഫൊറാന വികാരിമാരുടെ ആവശ്യപ്രകാരം ജൂൺ 30 വരെ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികൾ തുറക്കില്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചു. എന്നാൽ മാമോദിസ, മനസമ്മതം, മരണാനന്തര ചടങ്ങുകൾ എന്നിവ നടക്കും. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ദേവാലയങ്ങൾ തുറക്കാനാണ് ലത്തീൻ സഭയുടെ തീരുമാനം. പ്രമുഖ തീർത്ഥാടന കേന്ദ്രമായ കലൂർ സെന്റ് ആന്റണീസ് പള്ളിയുൾപ്പെടെ ലത്തീൻ സഭയുടെ വാരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള പള്ളികൾ ഈ മാസം 30 വരെ തുറക്കില്ല. മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത് ചൊവ്വാഴ്ച ചേരുന്ന സഭ സിനഡിന് ശേഷം തീരുമാനിക്കും.

താമരശ്ശേരി രൂപതയ്ക്ക് കീഴിലെ ദേവാലയങ്ങള്‍ ചൊവ്വാഴ്ച മുതല്‍ തുറക്കും. നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കുന്നവര്‍ മാത്രം ദേവാലയങ്ങള്‍ തുറന്നാല്‍ മതിയെന്നാണ് കോഴിക്കോട് രൂപതയുടെ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *