കോവിഡ്‌ വാക്‌സിൻ : മെഡിക്കൽ വിദ്യാർഥികളും മുൻഗണനാ പട്ടികയിൽ

സംസ്ഥാനത്ത്‌ മെഡിക്കൽ വിദ്യാർഥികൾക്കും ആദ്യഘട്ടത്തിൽ കോവിഡ്‌ വാക്‌സിൻ വിതരണം ചെയ്യും. മെഡിക്കൽ, ദന്തൽ, നേഴ്‌സിങ്‌, പാരാമെഡിക്കൽ അടക്കം എല്ലാ ആരോഗ്യവിഭാഗം വിദ്യാർഥികളെയും മുൻഗണനാ പട്ടികയിൽ ഉൾക്കൊള്ളിക്കാൻ‌ ആരോഗ്യവകുപ്പ്‌ തീരുമാനം.

അലോപ്പതി, ആയുഷ്, ഹോമിയോ തുടങ്ങിയ വിഭാഗങ്ങളിൽ സ്ഥിരമായും താൽക്കാലികമായും ജോലി ചെയ്യുന്നവരെയും ഉൾപ്പെടുത്തും. രജിസ്‌ട്രേഷൻ അന്തിമഘട്ടത്തിലാണെന്ന്‌ മന്ത്രി കെ കെ ശൈലജ അറിയിച്ചു. സർക്കാർ സ്ഥാപനങ്ങളിലെയും(4064) സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലെയും(4557) ജീവനക്കാരുടെ ജില്ലാതല രജിസ്‌ട്രേഷൻ പൂർത്തിയായി. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർ രജിസ്‌ട്രേഷൻ നടത്തി.

മറ്റ്‌ ജില്ലകളിലെ സ്വകാര്യസ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തകരും വേഗത്തിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന്‌ മന്ത്രി വ്യക്തമാക്കി. ഏകദേശം 27,000 ആശാ വർക്കർമാരെയും മുപ്പത്തിമൂവായിരത്തോളം അങ്കണവാടി ജീവനക്കാരെയും പട്ടികയിൽ ഉൾപ്പെടുത്തി. വിവരശേഖരണത്തിന്‌ ആയുഷ്, ഹോമിയോ വിഭാഗങ്ങളിൽ പ്രത്യേക നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തി‌. വിവരം ജില്ലാ നോഡൽ അതോറിറ്റി നേരിട്ട് കേന്ദ്ര സർക്കാർ സൈറ്റിൽ അപ്‌ലോഡ് ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *