കോഴിക്കോടു നിന്ന് വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നരേന്ദ്രമോദിയുടെ പേരിലും അപേക്ഷ

കോഴിക്കോട്: വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നരേന്ദ്രമോദിയുടെ പേരിലും അപേക്ഷ. ഫോട്ടോയുടെ സ്ഥാനത്ത് ഒരു പാണ്ടയുടെ ചിത്രമാണ് വെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്റിലാണ് ഓണ്‍ലൈനായി ഇങ്ങനെയൊരപേക്ഷയെത്തിയത്.വയസ്സും ജനനതീയതിയും മൊബൈല്‍ നമ്ബറുമൊക്കെയുള്ള അപേക്ഷയില്‍ തെരുവിന്റെ പേരായി ചായക്കട എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വില്ലേജിന്റെ പേര് ഗുജറാത്ത് എന്നും. എന്നാല്‍ പോസ്റ്റ് ഓഫീസായി കാണിച്ചിരിക്കുന്നത് കോഴിക്കോടാണ്.
ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച്‌ തുടര്‍നടപടിയെടുക്കേണ്ടത് താലൂക്ക് ഓഫീസുകളിലാണ്. അങ്ങനെ പരിശോധിച്ചപ്പോഴാണ് കോഴിക്കോട് താലൂക്ക് ഓഫീസില്‍ ഇത് ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ കൊടുത്തിരിക്കുന്ന ഫോണ്‍നമ്ബറില്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ല.
വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഓണ്‍ലൈനായി ലഭിക്കുന്നവയില്‍ ഇത്തരത്തില്‍ വ്യാജപ്പേരുള്ള അപേക്ഷകള്‍ പലതും ഉണ്ടാവാറുണ്ട്. അതിപ്പോള്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന വിധത്തിലുള്ള അപേക്ഷ നല്‍കുന്നതിലേക്കെത്തി.വ്യാജപേരുകളിലും വിലാസങ്ങളിലും വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടാന്‍ അപേക്ഷ നല്‍കുന്നത് തടയാന്‍ സംവിധാനമില്ലാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്. ഒരു അപേക്ഷയും പരിശോധനയില്ലാതെ വിടരുതെന്നാണ് നിര്‍ദേശം. താലൂക്ക് ഓഫീസില്‍ പരിശോധിക്കുന്ന അപേക്ഷയില്‍ അന്വേഷണറിപ്പോര്‍ട്ട് നല്‍കാനുള്ള ചുമതല ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ്.
ഒരിടത്ത് വോട്ടുള്ളയാള്‍ അക്കാര്യം മറച്ചുവെച്ച്‌ മറ്റൊരിടത്ത് വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷിച്ചാല്‍, രണ്ടിടത്തും വോട്ടു ചെയ്യാവുന്ന സ്ഥിതിയാണ്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്ന ഘട്ടത്തില്‍ത്തന്നെ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തിയാലേ ഇത്തരം ഇരട്ടിപ്പുകള്‍ ഒഴിവാക്കാനാവൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *