കോലി, സെഞ്ച്വറിയ്ക്കായുള്ള കാത്തിരിപ്പ് എപ്പോൾ അവസാനിപ്പിക്കും. സൽമാൻ ഭട്ട് പറയുന്നു.

കറാച്ചി: ഒരു കാലത്ത് തുടര്‍ച്ചയായി സെഞ്ച്വറികള്‍ നേടി ലോകക്രിക്കറ്റിനെ വിസ്മയിപ്പിച്ചിരുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ച്വറികളുമായി കളം നിറയുന്ന കോലിക്ക് പക്ഷെ സമീപകാലത്തായി സെഞ്ച്വറി സ്വപ്‌നം മാത്രമാണ്. 2019 നവംബറിന് ശേഷം ഒരു സെഞ്ച്വറി പോലും കോലി നേടിയിട്ടില്ല. മികച്ച ശരാശരി നിലനിര്‍ത്താന്‍ കോലിക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ അര്‍ധ സെഞ്ച്വറിയെ സെഞ്ച്വറിയാക്കാന്‍ കോലിക്ക് സാധിക്കുന്നില്ല.

ഇപ്പോഴിതാ ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിലൂടെ കോലി സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്.

ഇംഗ്ലണ്ടില്‍ നടക്കുന്ന കലാശപ്പോരാട്ടം ജൂണ്‍ 18നാണ് നടക്കുന്നത്. നിര്‍ണ്ണായകമായ ഫൈനലില്‍ കോലിയുടെ സെഞ്ച്വറി പ്രകടനമാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

‘കരിയറില്‍ നേരിട്ട ഒരുപാട് തടസങ്ങളെ തകര്‍ത്തവനാണ് കോലി.ഈ പ്രായത്തിനുള്ളില്‍ 70 അന്താരാഷ്ട്ര സെഞ്ച്വറി കോലി നേടുമെന്ന് ആരാണ് കരുതിയത്?അവനെപ്പോലെ ഫോം നിലനിര്‍ത്തുന്നതും ഫിറ്റ്‌നസ് ഉള്ളതുമായ മറ്റാരാണുള്ളത്. റണ്‍സ് പിന്തുടരുമ്ബോള്‍ 90ന് മുകളില്‍ സ്‌ട്രൈക്കറേറ്റും 50ന് മുകളില്‍ ശരാശരിയും മൂന്ന് ഫോര്‍മാറ്റിലും കോലിക്കുണ്ട്. ഈ പ്രതിസന്ധികളെല്ലാം മറികടക്കുന്നതില്‍ നിന്ന് കോലിയെ തടയാന്‍ ആര്‍ക്കാണ് സാധിക്കുക? അടുത്ത മത്സരത്തിലോ അടുത്ത പരമ്ബരയിലോ കോലി സെഞ്ച്വറി നേടും’-സല്‍മാന്‍ ബട്ട് പറഞ്ഞു.

13 വര്‍ഷ കരിയറിനിടെ ഇതിനോടകം നിരവധി നേട്ടങ്ങള്‍ കോലിയെ തേടിയെത്തിയിട്ടുണ്ട്. റണ്‍ചേസിങ്ങില്‍ കോലിയോളം മികവ് മറ്റാര്‍ക്കുമില്ല. വിമര്‍ശനം നേരിട്ടപ്പോഴെല്ലാം ശക്തമായ ബാറ്റിങ് പ്രകടനത്തോടെ തിരിച്ചെത്താന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. അവസാന പരമ്ബരകളിലെല്ലാം അര്‍ധ സെഞ്ച്വറി പ്രകടനങ്ങള്‍ നടത്താന്‍ കോലിക്ക് കഴിഞ്ഞെങ്കിലും സെഞ്ച്വറി പൂര്‍ത്തിയാക്കാനാവുന്നില്ല.

ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ കോലിയുടെ ബാറ്റിങ് ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. ഇംഗ്ലണ്ടിലാണ് മത്സരമെന്നതിനാല്‍ സീനിയര്‍ ബാറ്റിങ് നിരയുടെ പ്രകടനം ഇന്ത്യക്ക് അനിവാര്യമാണ്. നേരത്തെ ഇംഗ്ലണ്ടില്‍ സെഞ്ച്വറി പ്രകടനം നടത്താന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് ഇംഗ്ലണ്ട് പര്യടനത്തിലൂടെ കോലി അവസാനിപ്പിക്കുമെന്ന് തന്നെ കരുതാം.

91 ടെസ്റ്റില്‍ നിന്ന് 7490 റണ്‍സും 254 ഏകദിനത്തില്‍ നിന്ന് 12169 റണ്‍സും 89 ടി20കളില്‍ നിന്ന് 3159 റണ്‍സും കോലിയുടെ പേരിലുണ്ട്. ആര്‍സിബിക്കായി 199മത്സരത്തില്‍ നിന്ന് 6076 റണ്‍സും കോലി നേടിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *