കോണ്‍ഗ്രസില്‍ കൂട്ടരാജി, പരസ്യ വിമര്‍ശനം; രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയെന്ന് പിജെ കുര്യന്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം കത്തുന്നു. മുതിര്‍ന്ന നേതാക്കന്‍മാരൊന്നടങ്കം പരസ്യമായാണ് തീരുമാനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അനുവാദത്തോടെ നേതാക്കള്‍ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഇൗ നടപടി ആത്മഹത്യാപരമാണെന്നും പാര്‍ട്ടിയെ ദുര്‍ബലമാക്കുമെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പരസ്യമായി വിമര്‍ശിച്ചു

തീരുമാനത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോണ്‍ഗ്രസിനെ തകര്‍ത്ത് മുന്നണിയെ ശക്തിപ്പെടുത്താനാവില്ലെന്ന് വി എം സുധീരന്‍ തുറന്നടിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപമാനിതരായെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിന്റെ ഭാഗമായി കെപിസിസി സെക്രട്ടറി ജയന്ത് രാജിവെക്കുകയും കെഎസ്‌യു കോഴിക്കോട് ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. അതേസമയം, ആങ്ങള ചത്താലും പെങ്ങളുടെ കണ്ണീരുകണ്ടാല്‍ മതിയെന്നാണ് ചിലരുടെ ആഗ്രഹമെന്നായിരുന്നു വിഷയത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്റെ വിമര്‍ശനം. ഗ്രൂപ്പ് നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമായുണ്ടായ തീരുമാനമാണിതെന്നും ഉമ്മന്‍ചാണ്ടിയാണ് ഇതിന് പിന്നിലെന്നും കുര്യന്‍ പറഞ്ഞു.

സംസ്ഥാനത്ത് പ്രാദേശിക തലത്തില്‍ കൂട്ടരാജി ഉള്‍പ്പെടെ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന നടപടികളാണ് തുടരുന്നത്. കേരള കോണ്‍ഗ്രസിനു സീറ്റ് കൊടുക്കുന്ന തീരുമാനത്തിനു പിന്നാലെ ‘പരമപുച്ഛം’ എന്നു മാത്രം ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റിട്ടാണു യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പ്രതിഷേധിച്ചത്. തൂക്കുകയറിന്റെ ചിത്രവുമായിട്ടായിരുന്നു ഹൈബി ഈഡന്‍ എംഎല്‍എ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്.

തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് യുവ എംഎല്‍എമാര്‍ കത്തയച്ചു.ഷാഫി പറമ്പില്‍,ഹൈബി ഈഡന്‍,കെ.എസ്.ശബരീനാഥ്, അനില്‍ അക്കര, വി.ടി.ബല്‍റാം, റോജി എം.ജോണ്‍ എന്നിവരാണ് പരാതി അയച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *