കോട്ടക്കലില്‍ വന്‍ കഞ്ചാവ് വേട്ട: 22 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി

മലപ്പുറം: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. 22 കിലോ കഞ്ചാവുമായി രണ്ട് പേര്‍ കോട്ടക്കല്‍ പുത്തൂരില്‍ എക്‌സൈസ് സ്‌ക്വാഡ് ഷാഡോ സംഘത്തിന്റെ പിടിയിലായി. വളാഞ്ചേരി പാറപ്പുറത്തേത് വീട്ടില്‍ വലിയ തൊടി അബ്ദുള്‍ റൗഫ്(24), കോട്ടക്കല്‍ കാവുപുറം പണ്ടാരക്കല്‍ വീട്ടില്‍ മുത്തു എന്ന മുനവര്‍ യൂസഫ്(23) എന്നിവരാണ് സംഘത്തിന്റെ പിടിയിലായത്.
ഈ വര്‍ഷം ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. കോട്ടക്കലില്‍ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇവര്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. സ്ഥലത്ത് താമസിച്ച് ആവശ്യക്കാര്‍ക്കായി ചില്ലറ വില്‍പന നടത്തി വരുകയായിരുന്നു ഇവര്‍. ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘം കഞ്ചാവ് വില്‍പന നടത്തുന്നുണ്ടെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌ക്വാഡ് ഷാഡോ സംഘം കഴിഞ്ഞ ഒരു മാസത്തിലധികമായി ലോഡ്ജും പരിസരവും നിരീക്ഷണത്തിലായിരുന്നു.
കഞ്ചാവുമായി എത്തിയ സംഘത്തെ കോട്ടക്കല്‍ പുത്തൂര്‍ ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ചാണ് പിടിച്ചത്. ആന്ധ്രയില്‍ നിന്ന് ട്രൈന്‍ മാര്‍ഗം 11 കിലോ വീതം രണ്ട് ട്രാവല്‍ ബാഗുകളിലാക്കിയാണ് സംഘം വിതരണത്തിനുള്ള കഞ്ചാവ് എത്തിച്ചത്. താമസമൊരുക്കിയ ലോഡ്ജ് ഉടമയെ കേന്ദ്രീകരിച്ചും എക്‌സൈസ് സംഘം അന്വേഷിക്കുന്നുണ്ട്. ഉടമ ഒളിവിലാണ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുമെന്നും ജില്ലയിലെ മയക്കു മരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍കുമാര്‍ പറഞ്ഞു.
സംഘത്തെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് സംഘത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സി ഐ. എസ് നാസര്‍, എസ് ഐ. ശ്രീരാജ്, ഷോഡോ സംഘത്തിലെ എ ഇ ഐ അബ്ദുല്‍ ബശീര്‍, നൗശാദ്, സി സന്തോഷ്, ഇ ഒ മുഹമ്മദാലി, പി പ്രഭാകരന്‍, സുരേഷ് ബാബു, അബ്ദു സമദ്, ഡ്രൈവര്‍ അബ്ദുറഹ്മാന്‍ എന്നിവരുണ്ടായിരുന്നു. കഴിഞ്ഞമാസം മാത്രം ജില്ലയില്‍ 147 അബ്കാരി കേസുകളും 45 മയക്കു മരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു.
ഈ കേസുകളിലായി 22 ലിറ്റര്‍ ചാരായം, 374 ലിറ്റര്‍ വിദേശ മദ്യം, 78 ലിറ്റര്‍ മാഹി മദ്യം, 239 ലിറ്റര്‍ വാഷ്, 12 കിലോഗ്രാം കഞ്ചാവ്, രണ്ട് കഞ്ചാവ് ചെടികളും എട്ട് മയക്ക് മരുന്ന് ഗുളികകള്‍, 22 വാഹനങ്ങള്‍ എക്‌സൈസ് പിടികൂടി. കൂടാതെ സ്‌കൂള്‍ പരിസരങ്ങളില്‍ നിന്നായി 20 കിലോഗ്രാം പുകയില ഉത്പന്നങ്ങളും കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *