കോടികള്‍ മുടക്കി ആധുനിക സാങ്കേതികവിദ്യ സ്വന്തമാക്കാനൊരുങ്ങി റെയില്‍വെ

ന്യൂഡല്‍ഹി: ട്രെയിനുകള്‍ നിരന്തരം പാളംതെറ്റുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ കോടികള്‍ മുടക്കി ആധുനിക സാങ്കേതികവിദ്യ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ജീവനക്കാര്‍ തീവണ്ടിപ്പാളങ്ങള്‍ പരിശോധിച്ച്‌ തകരാറുകള്‍ കണ്ടെത്തുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന നിലവിലെ രീതി പൂര്‍ണമായും ഒഴിവാക്കാനാണ് റെയില്‍വെയുടെ നീക്കം.

ആധുനിക സാങ്കേതികവിദ്യ സ്വന്തമാക്കാന്‍ 2,726 കോടി രൂപയാവും റെയില്‍വെ ചിലവാക്കുക.ഓട്ടോമാറ്റിക് ട്രാക് ജ്യോമട്രി കം വീഡിയോ ഇന്‍സ്പെക്ഷന്‍ സിസ്റ്റം, ഓട്ടോമേറ്റഡ് മള്‍ട്ടിഫങ്ഷന്‍ ട്രാക് റെക്കോര്‍ഡിങ് യന്ത്രങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനാവും റെയില്‍വെ വന്‍ തുക ചിലവഴിക്കുക. 2018 – 19 ലെ കേന്ദ്ര ബജറ്റില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി റെയില്‍വെയ്ക്ക് 7,267 കോടി അനുവദിച്ചിരുന്നു. 2017 – 18 കാലത്ത് 1,933 കോടി മാത്രം അനുവദിച്ച സ്ഥാനത്താണിത്. അപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയായിരുന്നു ഇത്.

ട്രെയിനുകളുടെ വേഗം കൂടുകയും എണ്ണം വര്‍ധിക്കുകയും ചെയ്തതോടെ ജീവനക്കാര്‍ ട്രാക്കുകള്‍ പരിശോധിക്കുന്ന നിലവിലെ രീതി അപ്രായോഗികമായെന്ന് മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ജര്‍മനിയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ റെയില്‍വെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.

അതിവേഗം സഞ്ചരിക്കുന്ന രാജധാനി എക്സ്പ്രസ് തീവണ്ടികളുടെ അവസാന കോച്ചിലാവും ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ ആദ്യഘട്ടത്തില്‍ ഘടിപ്പിക്കുക. ട്രാക്കിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പകര്‍ത്തുന്ന ഉപകരണങ്ങള്‍ അവ പരിശോധനയ്ക്കായി ജീവനക്കാര്‍ക്ക് ലഭ്യമാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *