കോടികളുടെ കോഴ: ലുലു ഗ്രൂപ്പ് രാജ്യാന്തര മേധാവി പിടിയില്‍


കോടികളുടെ കോഴയിടപാടില്‍ എം എ യൂസഫലിയുടെ ലുലുഗ്രൂപ്പിന്റെ രാജ്യാന്തര മേധാവി രാജേഷ് രാജമോഹന്‍ നായരും ഇന്തോനേഷ്യയിലെ നികുതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഹാദങ്ങ് സുകാര്‍ണോയും അഴിമതി നിര്‍മ്മാര്‍ജന കമ്മീഷന്റെ പിടിയിലായി.പി ടി എക പ്രൈമ എക്‌സ്‌പോര്‍ ഇന്തോനേഷ്യ എന്ന യൂസഫലി കമ്പനിയുടെ ഡയറക്ടറാണ് രാജേഷ്.


ജക്കാര്‍ത്തയില്‍ അറസ്റ്റിലായ ഇരുവരെയും 20 ദിവസം വെവ്വേറെ ജയിലുകളില്‍ പാര്‍പ്പിക്കുമെന്ന് കമ്മീഷന്‍ വക്താവ് പ്രിഹര്‍സ നുഗ്രഹ പറഞ്ഞു.40 കോടി രൂപ നികുതി ഒഴിവാക്കി നല്‍കാന്‍ മൂന്നു കോടി രൂപ കോഴ നല്‍കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇത് ഇന്തോനേഷ്യയിലെ ഏറ്റവും വലിയ കോഴക്കേസാണ്. നികുതി വകുപ്പ് ഡയറക്ടര്‍ തന്നെ കോഴക്കേസില്‍ പിടിയിലായത് രാജ്യത്തെ ഉലച്ചു.


വസ്ത്ര നിര്‍മ്മാണം, വിതരണം. കയറ്റിറക്ക്, ഫര്‍ണിച്ചര്‍, പഴങ്ങളുടെ വ്യാപാരം എന്നിവയില്‍ ഇന്തോനേഷ്യയില്‍ നല്ല നിലയില്‍ എത്തിയപ്പോഴാണ് ഇവിടെ യൂസഫലി ഷോപ്പിങ്ങ് മാള്‍ തുടങ്ങിയത്. 34000 കോടി രൂപ മുടക്കി ബിസിനസ് വിപുലീകരിക്കാന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു. രാജേഷിന്റെ അറസ്റ്റോടെ ഇത് വെള്ളത്തിലായി. ഷോപ്പിങ്ങ് മാള്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയാണ് ഉദ്ഘാടനം ചെയ്തത്.

ഹാദങ്ങിനെ സിപ്പിനാഗ് ജയിലിലും രജേഷിനെ സൈന്യത്തിന്റെ ഗുണ്ടൂര്‍ ജയിലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. മൂന്നു കോടി കോഴയുടെ മുന്‍കൂറായി ഒരു കോടി കൈമാറുമ്പോഴാണ് പിടിയിലായത്.



Sharing is Caring