ഡി.ജി.പി ടി.പി. സെന്‍കുമാറിനെ പൊലീസ് മേധാവിയായി പുനര്‍നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോടതി ഉത്തരവ് പിറ്റേന്നുതന്നെ നടപ്പാക്കാനാവില്ല. അങ്ങനെ പ്രതീക്ഷിച്ചവര്‍ക്ക് ഇക്കാര്യത്തില്‍ പ്രശ്‌നം തോന്നുന്നുണ്ടാകും. നമ്മുടെ രാജ്യത്ത് സുപ്രീംകോടതി വിധി അന്തിമമാണെന്ന് താന്‍ നേരത്തേ വ്യക്തമാക്കിയതാണ്. വിധി പരിശോധിച്ചശേഷം ഉചിതമായ തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം മേഖലാ യോഗം, തൃശൂര്‍ റേഞ്ച് പൊലീസ് യോഗം എന്നിവയില്‍ പങ്കെടുക്കാന്‍ മലപ്പുറത്തെത്തിയതായിരുന്നു മുഖ്യമന്ത്രി.
സുപ്രീം കോടതി ഉത്തരവു നടപ്പാക്കാത്തതിനു ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ടി.പി. സെന്‍കുമാര്‍ ശനിയാഴ്ച കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിനുശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച്് പ്രതികരിക്കുന്നത്.














