കൊവിഡില്‍ കൈത്താങ്ങായി ‘രാധേ ശ്യാം’; ഷൂട്ടിങ്ങിന് ഉപയോഗിച്ച കിടക്കകളും സ്ട്രെച്ചറുകളും സംഭാവന ചെയ്തു

രാജ്യത്ത് പ്രതിദിനം കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിനിമ മേഖല വീണ്ടും അടച്ച് പൂട്ടിയിരിക്കുകയാണ്. ആദ്യ തരംഗത്തിന് ശേഷം സിനിമകളുടെ റിലീസും ചെയ്യുകയും ഷൂട്ടിങ്ങ് ആരംഭിക്കുകയും ചെയ്തിരുന്നു. പ്രഭാസ് നായകനാവുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഹൈദരാബാദില്‍ വെച്ച് നടക്കാനിരിക്കെയാണ് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നത്. എന്നാല്‍ രാധേ ശ്യാം അണിയറ പ്രവര്‍ത്തകര്‍ വ്യത്യസ്തമായ രീതിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരിക്കുകയാണ്.

ചിത്രീകരണത്തിനായി നിര്‍മ്മിച്ച സെറ്റില്‍ കിടക്കകള്‍, സ്‌ട്രെച്ചറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. ഇതെല്ലാം കൊവിഡ് രോഗികള്‍ക്കായി സംഭാവ ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് ഇവയെല്ലാം രാധേ ശ്യാം ടീം നല്‍കിയത്. തെലങ്കാനയിലും കൊവിഡ് വ്യാപനത്താല്‍ സ്ഥിതി ഗുരുതരമാണ്. കിടക്കകള്‍ക്ക് ക്ഷാമം വന്നതിനെ തുടര്‍ന്നാണ് രാധേ ശ്യാം ടീമിന്റെ സഹായം.

ഇറ്റലിയിലെ 70കളിലെ ആശുപത്രിയായി പ്രത്യേകം നിര്‍മ്മിച്ച ഈ സെറ്റില്‍ 50 കസ്റ്റം ബെഡ്ഡുകള്‍, സ്‌ട്രെച്ചറുകള്‍, പിപിഇ സ്യൂട്ടുകള്‍, മെഡിക്കല്‍ ഉപകരണ സ്റ്റാന്‍ഡുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നിവ ഉണ്ടായിരുന്നു. കിടക്കകള്‍ വലുതും ബലമുള്ളതും രോഗികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതുമാണെന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ രവീന്ദര്‍ റെഡ്ഡി പറഞ്ഞു. സെറ്റിലുണ്ടായിരുന്ന സാധനങ്ങള്‍ ഏകദേശം 9 ട്രക്കുകളിലായിട്ടാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.

പ്രഭാസും പൂജ ഹെഗ്ഡെജുമാണ് രാധേ ശ്യാമിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന രാധേ ശ്യാം ബഹുഭാഷാ ചിത്രമായാണ് എത്തുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. വേറിട്ടൊരു വേഷത്തിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. മലയാളത്തിന്റെ പ്രിയതാരം ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *