കൊണ്ടോട്ടിയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച വന്‍ സ്ഫോടകശേഖരം പിടികൂടി

മലപ്പുറം: കൊണ്ടോട്ടിയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടി. സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. ലോറി കസ്റ്റഡിയിലെടുത്ത ശേഷം മോങ്ങത്തെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരവും കണ്ടെടുത്തു. 10000 ഡിറ്റണേറ്ററുകള്‍, 10 ടണ്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍, 10 പാക്കറ്റ് ഫ്യൂസ് വയര്‍ എന്നിവയാണ് കണ്ടെത്തിയത്.

രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ലോറിയില്‍ കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടിയത്. ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ചാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശി ജോര്‍ജ്, കര്‍ണാടക സ്വദേശി ഹക്കീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ക്വാറിയിലേക്കുള്ള സ്ഫോടക വസ്തുക്കളാണ് ലോറിയിലുള്ളതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

കര്‍ണാടകയിലെ ഹാസനില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടു വന്നതെന്ന് കസ്റ്റഡിയിലായവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഹാസനില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ താക്കോലുണ്ടെന്നും വാഹനവും ചരക്കും മലപ്പുറം മോങ്ങത്തെ ഗോഡൗണില്‍ എത്തിക്കണമെന്നുമാണ് പിടിയിലായവര്‍ക്ക് ലഭിച്ച നിര്‍ദേശം. ഗോഡൗണ്‍ ഉടമയെ കുറിച്ചുള്ള വിവരങ്ങള്‍ കൊണ്ടോട്ടി പൊലീസ് ശേഖരിച്ചു വരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *