കൊട്ടിക്കോ, കൊട്ടിക്കോ, കൊട്ടിക്കൊട്ടി വഴി തെറ്റി ബിജെപി ഓഫീസിൽ പോയി കയറരുത് ;മുകേഷ്

ഉറങ്ങിക്കിടക്കുന്ന എംഎല്‍എ മുകേഷ് ഉണരണം എന്നാവശ്യപ്പെട്ട് പെരുമ്പറ കൊട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തിരിച്ച് എംഎല്‍എയുടെ വക കൊട്ട്. കൊട്ടിക്കോ, കൊട്ടിക്കോ, കൊട്ടിക്കൊട്ടി വഴി തെറ്റി ബിജെപി ഓഫീസിൽ പോയി കയറരുത് എന്നാണ് മുകേഷ് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞത്.

എംഎല്‍എയുടെ ഓഫീസിലേക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. ഉറങ്ങുന്ന എംഎല്‍എയെ ഉണര്‍ത്താനാണെന്ന് പറഞ്ഞ് പെരുമ്പറ മുഴക്കുകയും ചെയ്തു. ഇതിന് മുന്‍പ് എംഎല്‍എയെ കാണാനില്ലെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയ സംഭവവും ഉണ്ടായിട്ടുണ്ട്.

വാർത്തകളിൽ നിറയുന്നതിനായി രണ്ട് ചെണ്ടയുമായി പൊറാട്ട് നാടകമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയതെന്ന് മുകേഷ് മറുപടി നല്‍കി. കഴിഞ്ഞ നാലര വർഷമായി പൊതുഅവധി ദിനത്തില്‍ പോലും അടക്കാതെ രാവിലെ 10 മണി മുതൽ വൈകിട്ടു വരെ തന്‍റെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുകേഷ് മറുപടി നല്‍കി.

ആരുടേയും ചട്ടുകം ആകരുത് എന്ന ഉപദേശവും മുകേഷ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കി. ഇനി കേരളത്തിൽ കൂടിയേ നിങ്ങൾ അല്പം ഉള്ളൂ. മറ്റുള്ള സ്ഥലങ്ങളിലെല്ലാം അധികാരം മോഹിച്ച് വേരോടെ ബിജെപിയിൽ പോയി. നല്ല വെളുത്ത ഖദറിട്ട് ആരെയെങ്കിലും കാണണം എന്നാഗ്രഹിക്കുമ്പോൾ നിങ്ങളെ എങ്കിലും കാണാമല്ലോ. ആ ആഗ്രഹത്തിൽ പറഞ്ഞു പോയതാണ്. അതുകൊണ്ട് സൂക്ഷിച്ചു നടക്കുക ബിജെപി വലയുമായി പിറകെ ഉണ്ട്. നിങ്ങളുടെ വലിയ നേതാക്കന്മാർ എല്ലാം തന്നെ അവരുടെ വലയിൽ ആയെന്നും മുകേഷ് പരിഹസിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *