കൊട്ടക്കാമ്പൂര്‍ ഭൂമി കൈയ്യേറ്റം എം.പിയെ ന്യായീകരിച്ച്‌ റവന്യൂ മന്ത്രി

തിരുവനന്തപുരം: കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റ വിഷയത്തില്‍ ജോയ്സ് ജോര്‍ജ് എം.പിയെ ന്യായീകരിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. കൊട്ടക്കാമ്പൂരില്‍ ജോയ്സ് ജോര്‍ജ് എം.പി ഭൂമി കൈയേറിയിട്ടില്ലെന്ന് റവന്യൂമന്ത്രി നിയമസഭയില്‍ അറിയിച്ചു.എം.പി എന്ന നിലയില്‍ അദ്ദേഹം ഭൂമി കൈയേറിയിട്ടില്ല എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. പരമ്പരാഗതമായി കൈമാറി വന്ന ഭൂമിയാണ് ജോയ്സിന്റെയും കുടുംബത്തിന്റെയും കൈവശമുള്ളതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ജോയ്സ് ജോര്‍ജ് ഭൂമി കൈയേറിയില്ലെന്ന മന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷ ബഹളത്തിനിടയാക്കി. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ്. ആ സാഹചര്യത്തില്‍ ജോയ്സ് ജോര്‍ജിനെ നിയമസഭയില്‍ റവന്യൂമന്ത്രി തന്നെ ന്യായീകരിക്കുന്നതെങ്ങനെ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

ജോയ്സ് ജോര്‍ജിനെതിരെ പ്രതിപക്ഷം ദുരാരോപണം ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. കൈയേറ്റക്കാര്‍ക്ക് കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രിയും വ്യക്തമാക്കി. കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുന്‍കൈയെടുത്ത ഒരു ഉദ്യോഗസ്ഥനെയും ശിക്ഷിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും റവന്യു മന്ത്രി വിശദീകരിച്ചു.

സര്‍ക്കാര്‍ ഭൂമി കൈയേറ്റവും അതിനെതിരായ നടപടികളെയും കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വയനാട്ടിലെ ഭൂമി കൈയേറ്റ വാര്‍ത്തകള്‍ പുറത്തു വന്നതോടെ പ്രതിപക്ഷം വിഷയം സഭയില്‍ ഉന്നയിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *