പുരി: പാമ്പുകള്‍ കാവല്‍ നില്‍ക്കുന്നുവെന്ന് വിശ്വസിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിഗൂഢ രത്‌നഭണ്ഡാരം ഇന്ന് പ്രത്യേക സംഘം സുരക്ഷയുടെ ഭാഗമായി തുറന്ന് പരിശോധിക്കും. 34 വര്‍ഷത്തിന് ശേഷമാണ് ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു പരിശോധന. അപൂര്‍വ രത്‌നങ്ങളും വജ്രങ്ങളും അടങ്ങിയതാണ് രത്‌നഭണ്ഡാരം. 1984 ല്‍ ആയിരുന്നു ഇത് അവസാനമായി തുറന്നത്.
രത്‌നഭണ്ഡാരത്തിന്റെ നിലവിലെ അവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒറീസ്സ ഹൈക്കോടതി മാര്‍ച്ച് 22-ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ക്ഷേത്ര ഭാരവാഹികളായ അഞ്ച്‌പേര്‍, രണ്ട് സര്‍ക്കാര്‍ പുരാവസ്തു ഗവേഷകര്‍, ഒരു നിയമവിദഗ്ധന്‍, പോലീസ് നിയോഗിക്കുന്ന മറ്റ് രണ്ട് വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധിക്കുക.പരിശോധകര്‍ക്ക് തോര്‍ത്ത് മുണ്ട് മാത്രമാണ് വസ്ത്രമായി അനുവദിച്ചിരിക്കുന്നത്. ഇരുട്ടിനെ മറികടക്കാന്‍ ടോര്‍ച്ചിന്റെ സഹായവും തേടാം. മാത്രമല്ല ഓക്‌സിജന്‍ സൗകര്യവും ഉറപ്പാക്കും.

ഭണ്ഡാരത്തിന് പാമ്പുകള്‍ കാവല്‍ നില്‍ക്കുന്നുവെന്ന് വിശ്വസിക്കുന്നതിനാല്‍ പാമ്പ് പിടുത്തക്കാരുടെ സഹായവും ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചിട്ടുണ്ട്. രത്‌നഭണ്ഡാരത്തിന്റെ സുരക്ഷ മാത്രമാണ് പരിശോധിക്കുക. രത്നശേഖരം സൂക്ഷിച്ചിരിക്കുന്ന പേടകങ്ങളില്‍ തൊടാന്‍ ഇവര്‍ക്ക് അനനുവാദമില്ല.













