കൊച്ചി ടസ്‌കേഴ്‌സിനു വേണ്ടി കളിച്ചതിന്റെ ബാക്കി പ്രതിഫലം ലഭിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി ഹോജ്

മെൽബൺ: ഐ.പി.എല്ലിലെ കേരള ടീമായിരുന്ന കൊച്ചി ടസ്കേഴ്സ് കേരളയ്ക്കു വേണ്ടി കളിച്ചതിന്റെ ബാക്കി പ്രതിഫലം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോജ് രംഗത്ത്.

10 വർഷം മുമ്പ് കൊച്ചി ടസ്കേഴ്സിനായി കളിച്ച പ്രതിഫലത്തിന്റെ 35 ശതമാനം ഇനിയും ലഭിച്ചിട്ടില്ലെന്നാണ് ഹോജ് വെളിപ്പെടുത്തിയത്.

”10 വർഷങ്ങൾക്ക് മുമ്പ് ഐ.പി.എല്ലിൽ കൊച്ചി ടസ്കേഴ്സിനായി കളിച്ച പ്രതിഫലത്തിന്റെ ബാക്കി 35 ശതമാനം കളിക്കാർക്ക് ലഭിച്ചിട്ടില്ല. ബി.സി.സി.ഐക്ക് ആ പണം എവിടെയെന്ന് കണ്ടെത്താൻ സാധിക്കുമോ?” – ഹോജ് ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ വർഷം ട്വന്റി 20 ലോകകപ്പ് ഫൈനൽ കളിച്ച ഇന്ത്യൻ വനിതാ ടീമിന് ബി.സി.സി.ഐ ഇതുവരെ സമ്മാനത്തുക നൽകിയിട്ടില്ലെന്ന ദ ടെലഗ്രാഫിന്റെ റിപ്പോർട്ട് ട്വീറ്റ് ചെയ്തതിന് താഴെയായിരുന്നു ഹോജിന്റെ കമന്റ്.

2011-ലാണ് കൊച്ചി ടസ്കേഴ്സ് ഐ.പി.എല്ലിന്റെ ഭാഗമായിരുന്നത്. ആ സീസണു ശേഷം ഉടമസ്ഥർ തമ്മിലുള്ള തർക്കങ്ങളെ തുടർന്ന് ബി.സി.സി.ഐക്ക് അടയ്ക്കേണ്ട വാർഷിക തുക ഫ്രാഞ്ചൈസിക്ക് അടയ്ക്കാൻ സാധിച്ചില്ല. ഇതേത്തുടർന്ന് ബി.സി.സി.ഐ കൊച്ചി ടസ്കേഴ്സിന്റെ കരാർ റദ്ദാക്കി. ഇതിനെതിരേ കോടതിയിൽ പോയ കൊച്ചി ടസ്കേഴ്സ് അനുകൂല വിധി സമ്പാധിച്ചിരുന്നു. 550 കോടി നഷ്ടപരിഹാരമായി ഫ്രാഞ്ചൈസിക്ക് നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു.

2011-ൽ ടസ്കേഴ്സിനായി 14 മത്സരങ്ങൾ കളിച്ച ഹോജ് 285 റൺസ് സ്കോർ ചെയ്തിരുന്നു. ഹോജിനെ കൂടാതെ മഹേള ജയവർധനെ, ബ്രെണ്ടൻ മക്കല്ലം, രവീന്ദ്ര ജഡഡേജ തുടങ്ങിയവരും കൊച്ചി ടസ്കേഴ്സിന്റെ ഭാഗമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *