കൊച്ചിയില്‍ വീണ്ടും ലഹരിമരുന്ന് കടത്ത്; 300 കോടി രൂപയുടെ ലഹരിമരുന്ന് വിദേശത്തേയ്ക്ക് കടത്തിയതായി സൂചന; അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയതായി ഋഷിരാജ് സിങ്

കൊച്ചി: ലഹരിമരുന്ന് കടത്ത് കൊച്ചിയില്‍ വീണ്ടും സുലഭമാകുന്നു. വീണ്ടും 300 കോടി രൂപ വിലവരുന്ന എംഡിഎംഐ വിദേശത്തേയ്ക്ക് കടത്തിയതായി സൂചന. 200 കോടി രൂപയുടെ മരുന്ന് കോറിയര്‍ വഴി കടത്താന്‍ ശ്രമിച്ചത് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അന്വേഷണത്തിലാണ് ഇതിന് മുമ്പും എംജിഎംഐ കടത്തിയതായി സൂചന ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു.

200 കോടിയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി പ്രശാന്തും സുഹൃത്ത് ചെന്നൈ സ്വദേശി അലിയും ചേര്‍ന്ന് ഇതിന് മുമ്പും കൊച്ചിവഴി എംഡിഎംഐ കടത്തിയിട്ടുണ്ടെന്ന് എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചു. ഇതിന്റെ അന്വേഷണത്തിനും തെളിവ് ശേഖരിക്കുന്നതിനുമായി അന്വേഷണ സംഘം ചെന്നൈയിലേയ്ക്ക് തിരിച്ചു. അന്വേഷണത്തിന് കസ്റ്റംസിന്റേയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടേയും സഹായം തേടിയിട്ടുണ്ട്. ലഹരിമരുന്ന് കടത്തുന്നതിന് കൊച്ചി തെരഞ്ഞെടുക്കുന്നതിന്റെ കാരണം സുക്ഷമമായി നിരീക്ഷിക്കുമെന്ന് എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.

വിദേശത്തേയ്ക്ക് കടന്ന അലിയെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചെന്ന് ഋഷിരാജ് സിങ് പറഞ്ഞു. കൂടാതെ അന്യസംസ്ഥാനങ്ങളിലുള്ള ലഹരിമരുന്ന് കടത്ത് സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഋഷിരാജ് സിങ് പറഞ്ഞു. ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനായി അയല്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ സഹായം തേടുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *