എന്‍ഡിഎ നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയ്ക്ക് ഇന്ന് സമാപനമാകും


തിരുവനന്തപുരം: എന്‍ഡിഎ നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയ്ക്ക് ഇന്ന് സമാപനമാകും. രാവിലെ 10.30 ന് പട്ടത്ത് നിന്നാരംഭിക്കുന്ന യാത്ര സെക്രട്ടേറിയറ്റ് നടയില്‍ സമാപിക്കും. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും കര്‍ണാടകയില്‍ നിന്നുള്ള ആറ് എംഎല്‍എമാരും സമാപനയാത്രയില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ അറിയിച്ചു.


പ്രതിഷേധത്തിന്റെ രണ്ടാംഘട്ടമായി 17ന് വൈകിട്ട് പത്തനംതിട്ടയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ വിശ്വാസി സംഗമം സംഘടിപ്പിക്കും. ശബരിമലയില്‍ സംഘര്‍ഷമുണ്ടാവരുതെന്ന് ആഗ്രഹമുള്ളതുകൊണ്ട് തീര്‍ഥാടനകാലത്ത് നാല് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരെ പമ്പയിലും സന്നിധാനത്തും നിയോഗിക്കാനും തീരുമാനിച്ചു.


ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരെ കേരള ബ്രാഹ്മണസഭയുടെ നേതൃത്വത്തില്‍ പാലക്കാട് കല്‍പാത്തി അഗ്രഹാരത്തില്‍ മനുഷ്യചങ്ങല തീര്‍ത്തു. പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിന് മുന്നില്‍ നിന്നാരംഭിച്ച മനുഷ്യചങ്ങല ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം വരെ നീണ്ടു.

ശബരിമലയിലെ സ്ത്രീപ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ട് അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലും വിശ്വാസികളുടെ പ്രതിഷേധം നടന്നു. ഇറ്റാനഗര്‍ അയ്യപ്പ ഭജനസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇറ്റാനഗര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നു തുടങ്ങിയ ശരണമന്ത്ര യാത്രയില്‍ ഇരുന്നൂറിലേറെ വിശ്വാസികള്‍ പങ്കെടുത്തു. ശബരിമലയിലെ ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ക്കും അയ്യപ്പ ഭക്തര്‍ നിവേദനം നല്‍കി.



Sharing is Caring