കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയില്‍ വനിതകള്‍ നേരിടുന്ന ലിംഗ വിവേചനത്തെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ ഒന്നര വര്‍ഷമാവാറായിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല.
വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യപ്രകാരമാണു സിനിമാ മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ചു 6 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2017 ജൂണില്‍ സര്‍ക്കാര്‍ മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്. നടി ശാരദ, കെ.ബി. വല്‍സലകുമാരി എന്നിവരാണു മറ്റംഗങ്ങള്‍. റിപ്പോര്‍ട്ട് വൈകിയതോടെ കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു ഡബ്ല്യുസിസി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്നു കമ്മിഷനു സമയം ദീര്‍ഘിപ്പിച്ചു കൊടുത്തു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യമായ പഠനംപോലും കമ്മിഷനു പൂര്‍ത്തിയാക്കാനായിട്ടില്ല.

”നടിമാര്‍ മാത്രമുള്‍പ്പെട്ടതല്ല സിനിമാമേഖലയിലെ സ്ത്രീകള്‍. 25 വിഭാഗം സ്ത്രീകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഓരോ മേഖലയിലെ സ്ത്രീകള്‍ക്കും അവരുടെതായ പ്രശ്‌നങ്ങളുണ്ട്. അവ ഒരോന്നായി പഠിച്ചു പരിഹാരം നിര്‍ദേശിക്കേണ്ടതുണ്ട്. അതു ശ്രമകരവും കൂടുതല്‍ സമയം ആവശ്യമുള്ളതുമാണ്. സമഗ്രമായി പഠിക്കാന്‍ മാത്രം ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ മേഖല.”- ജസ്റ്റിസ് ഹേമ പറഞ്ഞു.













