കൊച്ചിയില്‍ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കൊച്ചി മുനമ്പത്ത് ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മരണം. മൂന്ന് മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. ബോട്ട് നിശ്ശേഷം തകര്‍ന്നു.

മുനമ്പത്തു നിന്നും പുറം കടലില്‍ മീന്‍ പിടിക്കാന്‍ പോയ ഓഷ്യാനിക് ബോട്ടാണ് അപകടത്തില്‍ പെട്ടത്. മുനമ്പം സ്വദേശിയായ പി.വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്.

14 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. എട്ടുപേരേക്കുറിച്ച് വിവരമില്ല. ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. ബോട്ടിലുള്ളവരില്‍ 11 പേര്‍ തമിഴ്‌നാട്ടുകാരാണ്. രണ്ടു പേര്‍ ബംഗാളില്‍ നിന്നുള്ളവരും ഒരാള്‍ മലയാളിയുമാണ്.

ബോട്ട് തകരുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ബോട്ടാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഇവര്‍ വിവരമറിയിച്ചതിനേത്തുടര്‍ന്ന് മറ്റ് മത്സ്യബന്ധന ബോട്ടുകള്‍ സംഭവസ്ഥലത്തേക്ക് എത്തിച്ചേരുകയായിരുന്നു.

സംഭവത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യന്ത്രി അറിയിച്ചു. ഇപ്പോള്‍ 40 ഓളം ബോട്ടുകള്‍ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു. പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിനിടയാക്കിയ കപ്പല്‍ ഏതാണെന്ന് മനസ്സിലായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *