കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ പണിമുടക്കിലേക്ക്

കൊച്ചി: കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ പണിമുടക്കിലേക്ക്. ഇന്ന് രാത്രി മുതല്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ നിരത്തിലിറങ്ങില്ലെന്ന് സംയുക്ത തൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു.സര്‍ക്കാര്‍ നിശ്ചയിച്ച ടാക്‌സി ചാര്‍ജ്ജ് ഉറപ്പാക്കണമെന്നതുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് തൊഴിലാളികളുടെ തീരുമാനം. ഊബര്‍, ഓല ഓണ്‍ലൈന്‍ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കില്ലെന്ന നിലപാടിലാണ് ടാക്‌സി ഡ്രൈവമാര്‍. ഒന്‍പത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയുടേതാണ് സമര തീരുമാനം. ഇതോടെ കൊച്ചിയിലെ നാലായിരത്തിലധികം ഓണ്‍ലൈന്‍ ടാക്‌സികള്‍ സര്‍വ്വീസ് നടത്തില്ലെന്ന് സമരസമിതി അറിയിച്ചു.

ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരില്‍ നിന്ന് അമിത കമ്മീഷന്‍ ഈടാക്കുന്നു, സര്‍ക്കാര്‍ നിശ്ചയിച്ച ടാക്‌സി ചാര്‍ജ്ജ് ലഭ്യമാക്കുന്നില്ല തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ ദിവസങ്ങളായി സമരത്തിലാണ്. നിരാഹാരമിരുന്ന തൊഴിലാളി നേതാവിനെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കിയതോടെ വ്യാഴാഴ്ച രാത്രി മുതല്‍ തൊഴിലാളികള്‍ പണിമുടക്കി സമരം തുടങ്ങി.

രണ്ട് തവണകളായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെയും, ഗതാഗതമന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് തൊഴിലാളികള്‍ പണിമുടക്കിലേക്ക് കടന്നത്.

ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളെ നിയന്ത്രിക്കുന്നതിന് സംസ്ഥാനത്ത് നിയമമില്ല. ഇത് സംബന്ധിച്ച് നയം രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആലോചനയിലാണെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പ്രതികരണം. നിലവിലെ തൊഴിലാളികളില്‍ ഭൂരിഭാഗം പേരും സമരം തുടങ്ങിയതോടെ അപേക്ഷ നല്‍കി കാത്ത് നില്‍ക്കുന്ന മറ്റ് ഡ്രൈവര്‍മാരെ ശൃംഖലയുടെ ഭാഗമാക്കി സമരം നേരിടാനാകും ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ ശ്രമം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *