യു ഡി എഫ് പരിപാടിയിൽ പാർട്ടി അനുവാദം കൂടാതെ പങ്കെടുത്ത പി ജെ ജോസഫിനോട് കേരള കോൺഗ്രസ് മാണി നേതൃത്വം വിശദീകരണം തേടും. ഒരു മുന്നണിയോടും ഇപ്പോൾ അനുഭാവം കാണിക്കരുതെന്നാണ് കേരള കോൺഗ്രസ് മാണി വിഭാഗം തത്വത്തിൽ അംഗീകരിച്ച തീരുമാനം. ഡിസംബർ 12നു നടക്കുന്ന മഹാസമ്മേളനത്തിൽ മുന്നണി പ്രവേശനം പ്രഖ്യാപിക്കാനാണ് പാർട്ടിയുടെ തീരുമാനം. എന്നാൽ തീരുമാനം അട്ടിമറിച്ചാണ് പിജെ ജോസഫ് എൽ ഡി എഫിനെതിരായ യു ഡി എഫ് സമരത്തിൽ പങ്കെടുത്തത്.
ഒക്ടോബർ 9നു പാർട്ടിയുടെ ഉന്നതാധികാര സമിതി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലാകും പിജെ ജോസഫിനോട് വിശദീകരണം ചോദിക്കുക. കേരള കോൺഗ്രസ് മാണി വിഭാഗം എൽ ഡി എഫിലേക്കെന്ന അഭ്യൂഹം നിലനിൽക്കെയാണ് പിജെ ജോസഫ് യു ഡി എഫ് പരിപാടിയിൽ പങ്കെടുത്തത്.