കേരളത്തിലെ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേത് – അമിത് ഷാ

കോഴിക്കോട്: കേരളത്തിലെ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേതായിരിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനം വോട്ട് നല്‍കി കേരളത്തിലെ ജനങ്ങള്‍ ബിജെപിയെ ശക്തമായി പിന്തുണച്ചു. ഇനിയൊരു തെരഞ്ഞെടുപ്പുണ്ടായാല്‍ ബിജെപി കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കേരളം ഭരിക്കുന്ന സര്‍ക്കാരിന്റെ പിന്തുണയോടെ ഇവിടത്തെ ബിജെപി, ആര്‍‌എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് നേര നടത്തുന്ന അതിക്രമങ്ങളില്‍ പുതുമയില്ല. കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ആര്‍‌എസ്‌എസിനെതിരെയും ബിജെപിക്കെതിരെയും ഇവര്‍ ആക്രമണങ്ങള്‍ നടത്തുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഗ്രാമത്തിലടക്കം ആര്‍എസ്എസുകാര്‍ക്കെതിരെയും ബിജെപിക്കാര്‍ക്കെതിരെയും നടത്തുന്ന ബോംബാക്രമണങ്ങളും മറ്റ് ആക്രമണങ്ങളും രാജ്യത്തിനാകെ അപമാനമാണ്.

ഈ അക്രമത്തിലൂടെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ തടയാമെന്ന് ആരും മോഹിക്കേണ്ട. അക്രമത്തിലൂടെ ബിജെപിയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ മറുപടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. ഇന്ന് ഈ രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങള്‍ ഒറ്റയ്ക്കും മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയും ബിജെപി ഭരിക്കുന്നു. കഴിഞ്ഞ രണ്ടര വര്‍ഷക്കാലമായി മോദി സര്‍ക്കാര്‍ ഈ രാജ്യം ഭരിക്കുന്നു. നിരവധി പദ്ധതികളിലൂടെ മോദി സര്‍ക്കാര്‍ ഈ രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കുന്ന പരിശ്രമങ്ങള്‍ തുടരുന്നു അമിത് ഷാ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *