കേരളം മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃക; എല്ലാ മേഖലയിലും മുന്‍പന്തിയില്‍: രാഷ്ട്രപതി


കേരളത്തെ കുറിച്ചുള്ള ബിജെപി ദേശീയ നേതാക്കളുടെ പരിഹാസങ്ങളും വിവാദങ്ങളും കെട്ടടങ്ങുന്നതിന് മുന്നെ കേരളത്തെ പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം ഇന്ത്യയുടെ പവര്‍ ഹൗസ് ആണെന്നും വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാക്ഷരത എന്നിവയില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും രാഷ്ട്രപതി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ അദ്ദേഹം പള്ളിപ്പുറം ടെക്‌നോസിറ്റി പദ്ധതിയുടെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു.


ഡിജിറ്റല്‍ ഇന്ത്യയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും രാഷ്ട്രപതി പറഞ്ഞു. പദവി ഏറ്റെടുത്തശേഷം ഇതു രണ്ടാം തവണയാണ് അദ്ദേഹം കേരളത്തില്‍ വരുന്നത്. നാളെ് രാവിലെ 9.45 ന് പ്രത്യേക വിമാനത്തില്‍ അദ്ദേഹം കൊച്ചിയില്‍ എത്തും. തുടര്‍ന്ന് ഹൈക്കോടതിയുടെ വബ്രജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30 ന് ഡല്‍ഹിയിലേക്ക് മടങ്ങും.


അതേസമയം ടെക്‌നോസിറ്റിക്കായി ഭൂമി നല്‍കിയവരുടെ കുടിശിക മാര്‍ച്ച് 31നകം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടെക്‌നോസിറ്റിയില്‍ ഒരു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്നും ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയില്‍ പങ്കെടുത്ത ദേശീയ നേതാക്കള്‍ കേരളത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. കേരളസര്‍ക്കാരിന് അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്നായിരുന്നു നിതിന്‍ ഗഡ്കരിയുടെ വിമര്‍ശനം. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ നേതാക്കളും കേരളത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു



Sharing is Caring