കേരളം അഴിമതിരഹിതം, നിക്ഷേപകര്‍ക്കു സ്വര്‍ണഖനി: മുഖ്യമന്ത്രി

ബഹ്‌റിന്‍: കേരളം നൂറു ശതമാനം അഴിമതിരഹിതമാണെന്നും നിക്ഷേപകര്‍ക്കു കേരളം സ്വര്‍ണഖനിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹ്‌റൈന്‍കേരള ബിസിനസ് ഫോറത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിക്ഷേപം നടത്താന്‍ വ്യവസായികളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

സന്പദ് വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ഒരുപോലെ ഇണങ്ങുന്ന എല്ലാ നിക്ഷേപങ്ങളെയും കേരളം സ്വാഗതം ചെയ്യും. കേരളം ഇന്ന് നൂറു ശതമാനം അഴിമതിരഹിതമാണ്. നിക്ഷേപങ്ങള്‍ക്കു സ്വര്‍ണഖനിയാണ് കേരളം. വിവിധ മേഖലകളില്‍ നിക്ഷേപത്തിന് കേരളത്തില്‍ നിരവധി അവസരമുണ്ട്. ജനതയ്ക്ക് തൊഴില്‍ നല്‍കുന്നതും അവരുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതും ജീവിതശൈലി മെച്ചപ്പെടുത്തുന്നതുമായ വ്യവസായമോ മറ്റു സംരംഭങ്ങളോ സ്വാഗതം ചെയ്യും.

ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക എന്നതാണ് കേരളത്തിന്റെ നിര്‍ദിഷ്ട വ്യവസായ നയം. പശ്ചാത്തല മേഖല, ആരോഗ്യരംഗം, ടൂറിസം, വ്യവസായം, സാങ്കേതികവിദ്യ, ഗവേഷണം തുടങ്ങി എല്ലാ മേഖലകളും കേരളം നിക്ഷേപത്തിനു തുറന്നിട്ടിരിക്കുകയാണ് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ കയറ്റുമതിയില്‍ 20 ശതമാനം ഭക്ഷ്യവിഭവങ്ങളും കേരളത്തില്‍നിന്നാണെന്നും അടുത്ത മൂന്നു വര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യസാധന കയറ്റുമതി ഇരട്ടിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *