കേന്ദ്രത്തിന്റെ ചിറക് പൊഴിഞ്ഞു- രാഹുലിന്റെ പരിഹാസ ട്വീറ്റ്


നിലവിലെ സാമ്പത്തിക വ്യവസ്ഥക്കെതിരായ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ പരാമര്‍ശം എടുത്തു കാട്ടി കേന്ദ്രത്തിനെതിരെ പരിഹാസ ട്വീറ്റുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.


‘ലേഡീസ് ആന്റ് ജന്റില്‍മാന്‍ ഇത് നിങ്ങളുടെ സഹ പൈലറ്റും ധനമന്ത്രിയുമാണ് സംസാരിക്കുന്നത്. നിങ്ങള്‍ സീറ്റ് ബെല്‍റ്റ് മുറുക്കി സ്ഥാനം ഉറപ്പിക്കുക. നമ്മുടെ വിമാനത്തിന്റെ ചിറകുകള്‍ പൊഴിഞ്ഞു പോയിരിക്കുകയാണ്’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.


ഏതായാലും രാഹുല്‍ ഗാന്ധിയുടെ നര്‍മം നിറഞ്ഞ ട്വീറ്റ്‌സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ട്വീറ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ആയിരത്തോളം റീട്വീറ്റുകളാണ് ഇതിന് ലഭിച്ചിരിക്കുന്നത്.

രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയതില്‍ ബി.ജെ.പിയിലെ പലര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ പേടി കാരണം ആരും ഒന്നും തുറന്നു പറയുന്നില്ലെന്നായിരുന്നു സിന്‍ഹ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലെ പരാമര്‍ശം. നോട്ട് നിരോധനം ലഘൂകരിക്കാനാവാത്ത സാമ്പത്തിക ദുരന്തമായിരുന്നുവെന്ന് സിന്‍ഹ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു.

സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ജിഡിപി താഴ്ന്നതെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവനയേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

സിന്‍ഹയുടെ ലേഖനത്തിനു പിന്നാലെ സമ്പദ് വ്യവസ്ഥ തകരുകയാണെന്ന വിമര്‍ശനവുമായി മുന്‍ ധനകാര്യമന്ത്രി പി ചിദംബരവും രംഗത്തെത്തിയിരുന്നു.



Sharing is Caring