കെ മുരളീധരനെ ഒഴിവാക്കിയിട്ടില്ല, കാപ്പനെ ഘടകകക്ഷിയാക്കാന്‍ ചര്‍ച്ച നടന്നിട്ടില്ല;മുല്ലപ്പള്ളി

കെ മുരളീധരന്റെ വിമര്‍ശനത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ മുരളീധരന്‍ എംപിയെ കോണ്‍ഗ്രസ് എവിടെയും ഒഴിവാക്കിയിട്ടില്ലെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. തീരുമാനങ്ങളെടുക്കുന്നത് രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, മാണി സി കാപ്പനെ സ്വീകരിക്കുന്നത് നയങ്ങള്‍ പരിശോധിച്ച ശേഷം മാത്രമാണ്. ഘടകകക്ഷി ആക്കുന്നതില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല, ഇക്കാര്യത്തില്‍ എഐസിസിയുടെ അനുമതി വേണം. മാണി സി കാപ്പന്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നതാണ് വ്യക്തപരമായ താല്‍പര്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
സിപിഐഎം നേതാവ് എ വിജയരാഘവന്റേത് അപകടകരമായ രാഷ്ട്രീയമാണ്. ന്യൂനപക്ഷങ്ങളെ വര്‍ഗ്ഗീയമായി ചിത്രീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ശ്രമിക്കുന്നു. എ വിജയരാഘവന് രാഷ്ട്രീയ ചരിത്ര ബോധമില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ആര്‍എംപിയുടെ രാഷ്ട്രീയ സമീപനത്തെ അംഗീകരിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശബരിമല പ്രചരണ വിഷയമാക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മുന്നണി വിട്ട എസ് ജെ ഡിയുടെ സീറ്റുകള്‍ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. സീറ്റുകളുടെ കാര്യത്തില്‍ യുഡിഎഫ് ഘടകകക്ഷികള്‍ക്ക് തര്‍ക്കമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. യാഥാര്‍ത്ഥ്യബോധമുള്ള പാര്‍ട്ടിയാണ് മുസ്ലീംലീഗ്. കടുംപിടുത്തമുണ്ടാകില്ലെന്നും മുല്ലപ്പള്ളി പ്രത്യാശ പ്രകടിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *