അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെ നാളെ വിജിലന്‍സ് ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയായിരിക്കും ചോദ്യം ചെയ്യുക. കെ.ബാബുവിന്റെ ബിനാമി ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണിത്.
ബിനാമി ബാബുറാമുമായി ബാബുവിന് അടുത്തബന്ധമുണ്ടെന്നതിന് തെള്‍വുകള്‍ ലഭിച്ചതായി വിജിലന്‍സ് അറിയിച്ചു. ബാര്‍ കോഴക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബാബുറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ പകര്‍പ്പ് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള ഫോണ്‍വിളികളുടെ രേഖകളും കണ്ടെത്തിയിരുന്നു.

എറണാകുളം കുമ്പളങ്ങി സ്വദേശിയാണ് ബാബുറാം. ഭൂരിഭാഗം സ്വത്തുക്കളും ബാബുറാമിന്റെ പേരിലാണ് ബാബു വാങ്ങിക്കൂട്ടിയിരിക്കുന്നത്. കൊച്ചി നഗരത്തിലെ നാല്‍പ്പത് സ്ഥലങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയതിന്റെ രേഖകള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. എന്നാല്‍ രണ്ടു പ്രാവശ്യം ചോദ്യം ചെയ്തിട്ടും ഭൂമി വാങ്ങിയതിനുള്ള സാമ്പത്തിക സ്രോതസ് സംബന്ധിച്ച് തൃപ്തികരമായ ഉത്തരം നല്‍കാന്‍ ബാബുറാമിന് കഴിഞ്ഞിട്ടില്ല.













