കെ.എസ്.ആര്‍.ടി.സി മിന്നല്‍ നിര്‍ത്താതെ പാഞ്ഞ സംഭവം; ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി

രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എംഡിക്ക് റിപ്പോര്‍ട്ട് നല്‍കും. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ഹേമചന്ദ്രന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ചട്ടങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ ബസ് നിര്‍ത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറാണ് പെണ്‍കുട്ടി ബസിനുള്ളില്‍ കുടുങ്ങിയത്.

നേരത്തെ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വടകര റൂറല്‍ എസ്.പി കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചോമ്ബാല പോലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ ഹാജരായില്ല. ആലപ്പുഴ സ്വദേശികളാണ് ജീവനക്കാര്‍. അവരെ ചോദ്യം ചെയ്ത ശേഷം കേസെടുക്കും. കോട്ടയം പാലായില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായത്.

നിര്‍ത്താതെ പോയ ബസ്, രണ്ടിടത്ത് പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പോലീസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞ് നിര്‍ത്തിക്കുകയായിരുന്നു. സാധാരണഗതിയില്‍ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസ് നിര്‍ത്താന്‍ നിയമമില്ല. എന്നാല്‍ പോലീസ് രണ്ടിടത്ത് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയത് ശരിയായ നടപടിയല്ലെന്നാണ് അധികൃതരുടെ നിലപാട്. രാത്രി രണ്ട് മണി കഴിഞ്ഞതിനാല്‍ ചട്ടങ്ങള്‍ നോക്കാതെ മാനുഷിക പരിഗണന വച്ച്‌ ബസ് നിര്‍ത്തേണ്ടതായിരുന്നുവെന്നും വിലയിരുത്തലുണ്ട്.

ഈ പശ്ചാത്തലത്തിലാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ഒരുങ്ങുന്നത്. കോഴിക്കോട് പയ്യോളിയിലാണ് പെണ്‍കുട്ടിക്ക് ഇറങ്ങേണ്ടിയിരുന്നത്. പയ്യോളിയില്‍ ബസ് നിര്‍ത്തിയില്ല. പയ്യോളിയിലും മൂരാടും പോലീസ് കൈ കാണിച്ചിട്ടും ബസ് നിര്‍ത്തിയില്ല. ഒടുവില്‍ കുഞ്ഞിപ്പള്ളിക്ക് സമീപം പോലീസ് ജീപ്പ് കുറുകെയിട്ട് ബസ് നിര്‍ത്തിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *