പുതുച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞമാസം 21ന് സുരേഷ് ഗോപിയെ മൂന്ന് മണിക്കൂറോളം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുരേഷ് ഗോപി പുതുച്ചേരിയില്‍ വ്യാജരേഖയുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ആഡംബര കാറുകള്‍ക്ക് വന്‍തുക നികുതി നല്‍കേണ്ടി വരുമെന്നതിനാല്‍ അതൊഴിവാക്കുന്നതിനാണ് കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് ആരോപണം. നികുതി വെട്ടിച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിന് സുരേഷ് ഗോപിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ചാണ് കേസെടുത്തത്.

പുതുച്ചേരിയിലാണ് സുരേഷ് ഗോപിയുടെ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തത്. ആരോപണം ഉയര്‍ന്നതോടെ വാഹന രജിസ്ട്രേഷന്‍ സംബന്ധിച്ച രേഖകള്‍ സുരേഷ് ഗോപി മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയിരുന്നു. എന്നാല്‍, രേഖകളില്‍ അപാകത കണ്ടതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുക്കാന്‍ തീരുമാനിച്ചത്.
വ്യാജ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയടക്കം 70 പേര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് അയച്ചിരുന്നു.













