കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; ഒത്തുകളിച്ചെന്ന് സംശയം ബലപ്പെടുന്നു തെളിവുകള്‍ ശക്തം

കോട്ടയം: കെവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒത്തുകളിച്ചെന്ന് സംശയം ബലപ്പെടുന്നു. കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ശരിയായ രീതിയിലല്ല നടത്തിയതെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റ പരാതി ഗൗരവമേറിയതാകുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തേണ്ട പോസ്റ്റ്മോര്‍ട്ടം കോട്ടയത്തേക്ക് കൊണ്ടുവന്നത് ആരു പറഞ്ഞിട്ടാണെന്ന ചോദ്യം ഉയരുന്നു. ഇങ്ങനെയൊരു ആവശ്യം ബന്ധുക്കള്‍ ഉന്നയിച്ചോ. ഉന്നയിച്ചെങ്കില്‍ ആരെങ്കിലും ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചതാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയരുന്നു.

കൊല്ലം തെന്‍മല ചാലിയേക്കര പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തിലാണു പോസ്റ്റുമോര്‍ട്ടം നടപടികള്‍ സ്വീകരിക്കേണ്ടിയിരുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. എന്നാല്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു കോട്ടയത്തെ പോലീസ് സര്‍ജന്റെ കീഴിലാണു പോസ്റ്റുമോര്‍ട്ടം നടത്തിയത്.

സര്‍ക്കാരിന്റെ പുതുക്കിയ ഉത്തരവ് പ്രകാരം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കണ്ടെത്തുന്ന മൃതദേഹം തിരുവനന്തപുരം പോലീസ് സര്‍ജനും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പോസ്റ്റുമോര്‍ട്ടത്തിനു കോട്ടയം സര്‍ജനും മേല്‍നോട്ടം വഹിക്കണമെന്നാണു ചട്ടമെന്നു മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

കെവിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ കോട്ടയം ജില്ലാ മുന്‍ പോലീസ് ചീഫിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണു ഉണ്ടായത്. ആര്‍ഡിഒയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് കത്ത് നല്‍കുകയോ അദ്ദേഹത്തെ അറിയിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിനു അസൗകര്യമുണ്ടെങ്കില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനെ രേഖാമൂലം അറിയിക്കേണ്ടതായിരുന്നു.

പോസ്റ്റുമോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളജ് പരിസരത്ത് തഹസില്‍ദാര്‍ ഉണ്ടായിരുന്നെങ്കിലും മറ്റ് ആവശ്യത്തിനാണു അദ്ദേഹം എത്തിയതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം ചെയ്തത് സീനിയര്‍ ഡോക്ടര്‍മാരുടെ അസാന്നിധ്യത്തിലാണ്. ഡിപ്പാര്‍ട്ടുമെന്റ് മേധാവികൂടിയായ രഞ്ജിത്ത് രവീന്ദ്രന്‍ സ്ഥലത്തെത്തിയെങ്കിലും അന്നു വ്യക്തിപരമായ കാരണങ്ങളാല്‍ അവധിയെടുത്തു. പോസ്റ്റുമോര്‍ട്ടം നടത്തിയത് അസിസ്റ്റന്റ് പ്രാഫസര്‍ ഡോ. സന്തോഷ് ജോയിയുടെ നേതൃത്വത്തിലാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ചെയ്തത് ജൂനിയറായ പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ഥിയെക്കൊണ്ടാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *