കെജ്രിവാളിനെ കൈവിട്ട് രാംജത് മലാനി


ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷക സ്ഥാനത്ത് നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ രാംജേത് മലാനി പിന്‍വാങ്ങി. കെജ്രിവാളിനെതിരെ അരുണ്‍ ജയ്റ്റലി നല്‍കിയ മാനനഷ്ടകേസ് വാദിച്ചിരുന്നത് രാംജേത് മലാനിയായിരുന്നു.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റലിയ്ക്ക് പങ്കുണ്ടെന്ന് കെജ്രിവാള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി മുഖ്യനെതിര ജയ്റ്റലി 10 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന്, വിചാരണയ്ക്കിടെ കെജ്രിവാളിന് വേണ്ടി ഹാജരായ രാംജേത് മലാനി, ജയ്റ്റലിയെ ‘ക്രിമിനല്‍’ എന്ന് വിളിക്കുകയുണ്ടായി. ഇത് കെജ്രിവാളിന്റെ പ്രേരണയാലാണെന്ന് കാണിച്ച് ജയ്റ്റലി മറ്റൊരു മാനനഷ്ട കേസ് കൂടി നല്‍കി.


എന്നാല്‍ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നതിന് തന്റെ അഭിഭാഷകനോട് ആവശ്യപെട്ടിട്ടില്ലെന്ന മറുപടിയാണ് കെജ്രിവാള്‍ നല്‍കിയത്. തുടര്‍ന്നാണ് അഭിഭാഷക സ്ഥാനത്ത് നിന്നും താന്‍ പിന്‍വാങ്ങുന്നതായി മലാനി അറിയിച്ചത്. തന്റെ ഫീസായ രണ്ട് കോടി രൂപ ഉടന്‍ നല്‍കണമെന്നും രാംജേത് മലാനി ആവശ്യപ്പെട്ടിട്ടുണ്ട്.


അതേസമയം, തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് രാംജേത് മലാനിയുടെ പക്കല്‍ നിന്നും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് എ.എ.പി വൃത്തങ്ങള്‍ അറിയിച്ചു.



Sharing is Caring