കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സമരക്കാര്‍ പങ്കെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച മുതല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. കേസ് വരുന്ന ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
നാട്ടുകാരെ കാണിക്കാന്‍ സമരം നടത്തരുതെന്നു പറഞ്ഞ കോടതി പ്രശ്ന പരിഹാരത്തിന് ശ്രമം നടക്കുന്പോള് എന്തിനാണ് സമരമെന്നും ചോദിച്ചു. കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ ഒന്നാം തീയതി പണിമുടക്ക് നടത്തുമെന്ന് ചൂണ്ടിക്കാട്ടി സമരക്കാരുടെ നോട്ടീസ് കിട്ടിയിട്ടും ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്ന് കോടതി ചോദിച്ചു.

തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ എംഡിക്ക് ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, യൂണിയന് ഭാരവാഹികളുമായി വ്യാഴാഴ്ച മുതല്‍ ചര്‍ച്ച തുടരുമെന്ന് കെഎസ്ആര്‍ടിസി അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.













