കെഎസ്ആർടിസി ശമ്പള പരിഷ്കരണം; ഭരണാനുകൂല യൂണിയനും സമരത്തിലേക്ക്

കെഎസ്ആർടിസി ശമ്പള പരിഷ്കരണത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി ഭരണാനുകൂല യൂണിയൻ. അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാൻ സിഐടിയു അനുകൂല സംഘടനയായ കെഎസ്ആർടിഇഎ തീരുമാനിച്ചു. ഇന്ന് ചേർന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം. നേരത്തെ പ്രതിപക്ഷ സംഘടനയായ ടിഡിഎഫും അനിശ്ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നു.

കഴിഞ്ഞയാഴ്ച നടത്തിയ ദ്വിദിന പണിമുടക്കില്‍ ടിഡിഎഫും പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ മുന്നറിയിപ്പുനല്‍കിയിരുന്നു.

രണ്ട് ദിവസത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 9.4കോടി രൂപയാണ് നഷ്ടമുണ്ടായത്. ജീവനക്കാര്‍ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടരുമെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. ഡയസ്നോണിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചിരുന്നു.

ആദ്യദിവസം മാത്രം കെഎസ്ആര്‍ടിസിക്കുണ്ടായത് ഏകദേശ വരുമാന നഷ്ടം ഒന്നരക്കോടി രൂപയാണ്. 4,42,63,043 രൂപയാണ് ഈ മാസം നാലാം തീയതിയിലെ വരുമാനം. 3,307 സര്‍വീസുകളിലായി 10.27 ലക്ഷം കിലോമീറ്ററാണ് ഈ ദിവസം ഓപ്പറേറ്റ് ചെയ്തത്. ഇന്ധനത്തിനായി ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടിയാണ്. അതേസമയം ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസിക്കു വേണ്ടത് 2.8 കോടി രൂപയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *