കുറ്റകൃത്യ പട്ടികയില്‍ ഡല്‍ഹി ഒന്നാമത്; 19 പ്രധാന നഗരങ്ങള്‍ക്കിടയില്‍ 40 ശതമാനം ബലാത്സംഗവും തലസ്ഥാനത്ത്

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തലസ്ഥാന നഗരിയായ ഡല്‍ഹി. സുരക്ഷിതമല്ലാതെ 19 നഗരങ്ങളുടെ കൂട്ടത്തില്‍ 40 ശതമാനം ബലാത്സംഗവും നടക്കുന്നത് ഡല്‍ഹിയിലാണ്.

ബലാത്സംഗം കൂടാതെ, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കുട്ടികള്‍ക്കെതിരായ അതിക്രമം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയിലും ഡല്‍ഹി തന്നെയാണ് മുന്‍പന്തിയില്‍.

20 ലക്ഷത്തിലധികം ജനസംഖ്യയുള്ള 19 നഗരങ്ങളുടെ കുറ്റകൃത്യ പട്ടികയാണ് (2016) നാഷണല്‍ ക്രൈം റിപ്പോര്‍ട്ടിങ് ബ്യൂറോ (എന്‍.സി.ആര്‍.ബി) തയ്യാറാക്കിയത്. ഇതു പ്രകാരം 33 ശതമാനം (13,803 കേസുകള്‍, ആകെ 41,761 കേസുകള്‍) കേസുകളാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് മാത്രം ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള മുംബൈയില്‍ 12.3 ശതമാനമാണ് (5,128) ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.

1.90 കോടിയാണ് രാജ്യതലസ്ഥാനത്തെ ജനസംഖ്യ.

ഡല്‍ഹിയില്‍ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത് 1996 എണ്ണമാണ്. മുംബൈയും (712), പൂനെയുമാണ് (354) പിന്നാലെ.

ഭര്‍ത്താവ്, അദ്ദേഹത്തിന്റെ ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് പീഡനം- 26 ശതമാനവും ഡല്‍ഹിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,645 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. 162 പേര്‍ സ്ത്രീധന മരണത്തിന് ഇരയായി.

ഇങ്ങനെ ഓരോ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ഡല്‍ഹി തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സൈബര്‍ ക്രൈമിന്റെ കാര്യത്തില്‍ മുംബൈയാണ് ഒന്നാമത്.

രാജ്യത്താകമാനം 2016 ല്‍ സത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 3,38,954 എണ്ണമാണ്. 2015 ല്‍ ഇത് 3,29,243 ആയിരുന്നു. 2.9 ശതമാനം വളര്‍ച്ച.

38,947 സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. ഭര്‍ത്തൃ-കുടുംബ പീഡനം 1,10,378 കേസുകള്‍, സ്ത്രീകള്‍ക്കെതിരായ മറ്റു അതിക്രമങ്ങള്‍- 84,746 എണ്ണം, സ്ത്രീകളെ തട്ടിക്കൊണ്ടു പോകല്‍- 64,519 എണ്ണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *