കുറ്റകൃത്യങ്ങളും അത്യാഹിതങ്ങളും തത്സമയം അറിയാൻ നഗരത്തിലെ 50 കേന്ദ്രങ്ങളില്‍ റെഡ് ബട്ടണ്‍ പബ്ലിക്ക് റോബട്ടിക് സ്‌പെക്‌ട്രം സംവിധാനം

തിരുവനന്തപുരം: നഗരത്തിലെ 50 കേന്ദ്രങ്ങളില്‍ റെഡ് ബട്ടണ്‍ പബ്ലിക്ക് റോബട്ടിക് സ്‌പെക്‌ട്രം സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നു. കുറ്റകൃത്യങ്ങളും അത്യാഹിതങ്ങളും തത്സമയം പോലീസിനെ അറിയിക്കാനുള്ള സംവിധാനമാണിത്. സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പില്‍ പദ്ധതി നടപ്പാക്കാന്‍ പോലീസും കോര്‍പ്പറേഷനും ധാരണയിലെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് റെഡ് ബട്ടണ്‍ സിസ്റ്റം നിലവിലുണ്ടെങ്കിലും ലൈവ് വീഡിയോ സംവിധാനവും 4കെ ക്യാമറയും പരീക്ഷിക്കുന്നത് ആദ്യമായാണ്.

അപകടമോ കുറ്റകൃത്യമോ ശ്രദ്ധയില്‍പെട്ടാല്‍ റെഡ് ബട്ടണില്‍ വിരല്‍ അമര്‍ത്തി പോലീസ് സഹായം തേടാം. റെഡ് ബട്ടന്റെ റിസീവര്‍ ബോക്‌സ് വഴി ഓരോ അലര്‍ട്ടും നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് കണ്‍ട്രോള്‍ റൂമിലെത്തും. ബട്ടണിന് മുകളിലുള്ള ക്യാമറ സ്ഥലത്തെ ദൃശ്യങ്ങളും ശബ്ദസന്ദേശവും ഒപ്പിയെടുത്ത് അയയ്ക്കും. തൊട്ടടുത്തുള്ള പോലീസ് വാഹനത്തെ സര്‍ച്ച്‌ ചെയ്ത് കണ്ടെത്താനും ഇതിലൂടെ സാധിക്കും. മെഷീന്റെ മധ്യഭാഗത്താണ് ചുവപ്പ് ബട്ടണ്‍.

ഇതിന്റെ മുകളിലായി ചുവപ്പ്, പച്ച നിറങ്ങളില്‍ ലൈറ്റുകളും അതിന് തൊട്ടുമുകളിലായി ക്യാമറകളും ഉണ്ടാകും. പച്ച നിറം തെളിഞ്ഞാല്‍ യന്ത്രം പ്രവര്‍ത്തന സജ്ജമാണെന്ന് മനസ്സിലാക്കാം. ചുവപ്പ് ബട്ടണ്‍ അമര്‍ത്തുമ്ബോള്‍ ചുവപ്പ് ലൈറ്റ് തെളിയും. നഗരത്തിലെ ആദ്യ റെഡ്ബട്ടണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ കഴക്കൂട്ടത്ത് സ്ഥാപിച്ചു. തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കൂടി ഉടന്‍ ഇതു സ്ഥാപിക്കുമെന്ന് ഡിസിപി ആര്‍.ആദിത്യ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *