കുരിശ് തകര്‍ത്തത് തെറ്റു തന്നെയെന്ന് മുഖ്യമന്ത്രി; ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം

മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ മുന്‍നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുരിശ് തകര്‍ത്തത് തെറ്റു തന്നെയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഇടുക്കിയില്‍ പട്ടയ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുമെന്നാണ് സൂചന. എല്‍.ഡി.എഫ് യോഗത്തിലാണ് സി.പി.എമ്മിന്റെ ഭാഗത്തു നിന്ന് ഈ വാദം ഉയര്‍ന്നത്. കുരിശ് പൊളിച്ചുമാറ്റിയത് തെറ്റായിട്ടില്ലെന്ന് സി.പി.ഐ വാദിച്ചെങ്കിലും ഒഴിപ്പിക്കലില്‍ ജാഗ്രതക്കുറവുണ്ടായെന്നാണ് മുഖ്യമന്ത്രിയുടെ അടക്കം നിലപാട്. എന്നാല്‍ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് കുരിശ് പൊളിച്ചുനീക്കിയതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.

സി.പി.ഐ നിലപാടിനെ അനൂകുലിച്ച് വി.എസ് അച്യുതാനന്ദനും യോഗത്തില്‍ രംഗത്തെത്തി. ഇതോടെ ഒഴിപ്പിക്കലിന്റെ കാര്യത്തില്‍ കൃത്യമായ തീരുമാനമെടുക്കാതെ യോഗം പിരിഞ്ഞു. മൂന്നാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കാനാണ് ഒടുവില്‍ ധാരണയായത്. സഭാ മേലധ്യക്ഷന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ ചേര്‍ത്തായിരിക്കും സര്‍വ്വകക്ഷി യോഗം നടക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *