കുതിരവട്ടത്തെ സുരക്ഷാവീഴ്ച; ജീവനക്കാരുടെ എണ്ണം കൂട്ടണം, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അടിക്കടി ഉണ്ടാകുന്ന സുരക്ഷാവീഴ്ച സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ന് ആരോഗ്യ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. സ്ഥാപനത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടേയും, ജീവനക്കാരുടേയും കുറവ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പരിഹാരം കാണണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളായിരിക്കും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുക.

ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എസ് ഷിനുവാണ് അന്വേഷണംനടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ആശുപത്രിയില്‍ വേണ്ട സുരക്ഷാ ജീവനക്കാരുടേയും, ആരോഗ്യ പ്രവര്‍ത്തകരുടേയും കുറവുണ്ട്. 469 ഓളം അന്തേവാസികള്‍ ഉള്ളിടത്ത് ആകെ നാല് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. ഓരോ വാര്‍ഡിലും സുരക്ഷാ ജീവനക്കാര്‍ വേണമെന്നിരിക്കെയാണ്, 11 വാര്‍ഡുകളില്‍ ഒന്നില്‍ പോലും കൃത്യമായി ജീവനക്കാര്‍ ഇല്ലാതിരിക്കുന്നത്.കെട്ടിടത്തിന്റെ സുരക്ഷയില്‍ അടക്കം അപാകതകള്‍ കണ്ടെത്തിയിട്ടുണ്ട്. അടിസ്ഥാന പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം.

അതേസമയം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഇന്നലെ ചാടിപ്പോയ പതിനേഴ് വയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഓട് പൊളിച്ചാണ് പെണ്‍കുട്ടി പുറത്ത് കടന്നത്. നേരത്തെ മഹാരാഷ്ട്ര സ്വദേശിയായ അന്തേവാസി കൊല ചെയ്യപ്പെട്ട അതേ വാര്‍ഡില്‍ നിന്ന് തന്നെയാണ് ഈ അടുത്തായി രണ്ട് പേര്‍ ചാടിപ്പോയത്.

മുറിയുടെ ഭിത്തി വെള്ളം കൊണ്ട് നനച്ച് ശേഷം പാത്രം കൊണ്ട് തുരന്നാണ് ഒരു സ്ത്രീ പുറത്ത് കടന്നത്. ഇവരെ പിന്നീട് കണ്ടെത്തിയിരുന്നു. ഇതിന് പുറമേ മറ്റ് രണ്ട് പുരുഷന്മാരും ചാടിപ്പോയിരുന്നു. തുടര്‍ച്ചയായി സുരക്ഷ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *