കുട്ടനാടിനെ ശുചീകരിക്കാനുള്ള ദൗത്യത്തിന് ഇന്ന് തുടക്കം

ആലപ്പുഴ: കുട്ടനാടിനെ ശുചീകരിക്കാനുള്ള ദൗത്യത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസം കൊണ്ടു വീടുകളും പരിസരവും വൃത്തിയാക്കിയും അറ്റകുറ്റപ്പണികള്‍ നടത്തിയും മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ യജ്ഞമാണിത്. ജില്ലാ ഭരണകൂടവും തദ്ദേശഭരണസ്ഥാപന പ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും വിവിധ വകുപ്പുകളും സാങ്കേതിക വിദ്യയും ചേര്‍ന്നുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.

1.5 ലക്ഷത്തോളം ആളുകളെ വീടുകളില്‍ തിരിച്ചെത്തിക്കാനുള്ള ദൗത്യമാണ് ഇത്. വിവിധ തൊഴിലുകളില്‍ നൈപുണ്യമുള്ളവരുടെ സേവനം ഉപയോഗിക്കും. പാമ്പുപിടിത്തക്കാരുടെ സേവനവും ഉണ്ടാവും. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും വാര്‍ഡ് തോറും സംഘങ്ങളായെത്തിയാണ് ശുചീകരണവും മറ്റും നടത്തുന്നത്. വെബ് പോര്‍ട്ടല്‍ രൂപീകരിച്ചാണു സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടത്തിയത്. രജിസ്‌ട്രേഷന്‍ ഇന്നലെ അവസാനിച്ചു.

സന്നദ്ധ സേവകരെ വിവിധ സ്ഥലങ്ങളിലെത്തിക്കാന്‍ ബാര്‍ജുകളും കേവുവള്ളങ്ങളും ബോട്ടുകളും മൂന്നു ദിവസത്തേക്കു സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. അഞ്ഞൂറോളം വള്ളങ്ങളും ആയിരത്തോളം വഞ്ചിവീടുകളും ഉപയോഗിക്കും. എസി റോഡിന്റെ വശങ്ങളിലെ പാടങ്ങളില്‍ നിന്നു വന്‍തോതില്‍ വെള്ളം പമ്പ് ചെയ്തു മാറ്റാനും പദ്ധതിയുണ്ട്. ഇതിനായി വലിയ ശേഷിയുള്ള പമ്പുകള്‍ എത്തിച്ചിട്ടുണ്ട്.

വള്ളങ്ങളിലും ബോട്ടുകളിലും സന്നദ്ധസേവകരെ എല്ലാ പ്രദേശത്തും എത്തിക്കാനാണ് പരിപാടി. വീടുകളില്‍ ശുദ്ധജലം എത്തിക്കാനും സംവിധാനമുണ്ടാക്കിയതായി അധികൃതര്‍ പറഞ്ഞു. ജലനിരപ്പു താഴ്ന്ന പ്രദേശങ്ങളില്‍ ശുചീകരണം സാധ്യമാണെങ്കിലും മടവീണതിനാല്‍ വെള്ളമിറങ്ങാത്ത സ്ഥലങ്ങളില്‍ ശുചീകരണം നടക്കില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *