കുടുംബശ്രീയുടെ ‘പിങ്ക് അലര്‍ട്ട് ‘; അവശ്യ ഘട്ടങ്ങളില്‍ സഹായവുമായി പ്രവര്‍ത്തിക്കുന്ന പെണ്‍കൂട്ടായ്മ ഇനി ഇവിടെയും

കോഴിക്കോട്: നിനച്ചിരിക്കാതെ വന്ന പ്രളയത്തിൽ ജീവന്‍ മാത്രം കൈയിലെടുത്ത് രക്ഷപ്പെട്ട കുടുംബങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയപ്പോള്‍ അവരെ കൈപിടിച്ച്‌ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നന്നേ പാടുപെട്ട കോഴിക്കോട് കോര്‍പ്പറേഷനു കീഴിലുള്ള കുടുംബശ്രീയുടെ കൂട്ടായ്മയാണ് പിങ്ക് അലര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയകാലത്താണ് പിങ്ക് അലര്‍ട്ട് എന്ന ആശയം കുടുംബശ്രീയ്ക്ക് ആദ്യമായി വീണുകിട്ടുന്നത്. ഇപ്പോഴാകട്ടെ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം അവര്‍ക്ക് സഹായമെത്തിക്കാന്‍ കേരളത്തിലങ്ങോളമിങ്ങോളം മുന്നിട്ടിറങ്ങിയിരുന്നു.
കടുത്ത ശുദ്ധജലക്ഷാമം ജനങ്ങളെയാകെ വലച്ച ഒരു വേനല്‍ക്കാലമാണ് കഴിഞ്ഞു പോയത്. പോയമാസങ്ങളില്‍ സംസ്ഥാനത്തിന്റെ പലയിടത്തുമെന്ന പോലെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ചില വാര്‍ഡുകളിലും നാട്ടുകാര്‍ കുടിവെള്ളമില്ലാതെ വലഞ്ഞിരുന്നു. കിണറുകള്‍ വറ്റിയും ടാങ്കര്‍ വെള്ളം എത്താതെയും ബുദ്ധിമുട്ടിയയിടങ്ങളില്‍ പക്ഷേ, നാളിതുവരെ കാണാതിരുന്ന ഒരു കാഴ്ച കാണാമായിരുന്നു. പിങ്ക് നിറത്തിലെ കോട്ടുമണിഞ്ഞ്, വീടുകളില്‍ കുടിവെള്ളമെത്തിക്കാന്‍ ഓടിനടക്കുന്ന ഒരു കൂട്ടം സ്ത്രീകളായിരുന്നു അത്. ആദ്യം അമ്ബരന്നെങ്കിലും കോഴിക്കോട്ടുകാര്‍ ഇരുകൈയും നീട്ടിയാണ് ഇവരെ സ്വീകരിച്ചത്. ‘തീര്‍ത്ഥം’ എന്നു പേരിട്ടിരുന്ന ശുദ്ധജല വിതരണ പദ്ധതിയുമായി വേനല്‍ക്കാലത്ത് കളത്തിലിറങ്ങിയത് കോഴിക്കോട് കോര്‍പ്പറേഷനു കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *